thiruvananthapuram local

രാജാജി നഗര്‍ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരേ പ്രക്ഷോഭവുമായി കോളനിവാസികള്‍

തിരുവനന്തപുരം: കോളനിനിവാസികളെ ഒഴിപ്പിച്ച് രാജാജി നഗറില്‍ വാണിജ്യസമുച്ചയം നിര്‍മിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാവുന്നു. തങ്ങളെ ഒഴിപ്പിച്ചു നഗരത്തിലെ ഹൃദയഭൂമി കച്ചവടം ചെയ്യാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാരോപിച്ച് പ്രക്ഷോഭത്തിന് തയാറെടുത്ത് കോളനിവാസികള്‍. സമരത്തിന് പിന്തുണയുമായി സിപിഎം കൂടി രംഗതെത്തിയതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായി.
അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായാണ് കോളനി ഒഴിപ്പിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇവിടെ നടപ്പാക്കാന്‍ പോവുന്ന പദ്ധതിയെക്കുറിച്ച് വ്യക്തമായ രൂപരേഖ സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും വന്‍കിട വാണിജ്യസമുച്ചയമാണ് ലക്ഷ്യമിടുന്നതെന്നാണ് വിവരം. അയ്യായിരത്തോളംപേരാണ് നിലവില്‍ കോളനിയിലെ താമസക്കാര്‍. ഇവരെ പുനരവധിവസിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ തലസ്ഥാനത്തെ മറ്റൊരു കോളനിയായ കരിമഠത്തുപോലും ഇതുവരെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇവിടെനിന്നും കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം എങ്ങനെ നടപ്പാക്കുമെന്നാണ് കോളനിവാസികള്‍ ചോദിക്കുന്നത്. അതിനിടെ കോളനിയിലെ സര്‍വേ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. അടുത്തമാസം 31ന് മുമ്പ് വിശദമായ പ്രോജക്ട് റിപോര്‍ട്ട് തയാറാക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കൂടിയ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു.
12 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന നഗരഹൃദയത്തിലെ കണ്ണായ ഭൂമി നോട്ടമിട്ട് വന്‍കിട റിയല്‍എസ്റ്റേറ്റ് കമ്പനികള്‍ പല നീക്കങ്ങളും മുമ്പും നടത്തിയിരുന്നു. കോളനിവാസികളോട് നിരവധിതവണ ജില്ലാഭരണകൂടം കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുമുണ്ടായിരുന്നു. എന്നാല്‍ കോളനി ഒഴിഞ്ഞുപോവില്ലെന്ന ഉറച്ചനിലപാട് കോളനിവാസികള്‍ സ്വീകരിച്ചതോടെ ഈ ശ്രമങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ആധുനിക രീതിയിലുള്ള ഫഌറ്റുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് തിരുവനന്തപുരം എംപി ശശിതരൂര്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ കോളനിയുടെ നവീകരണത്തിനായി ഒരുകോടി അനുവദിച്ചതായി സ്ഥലം എംഎല്‍എകൂടിയായ മന്ത്രി വി എസ് ശിവകുമാറും അറിയിച്ചു. എന്നാല്‍ യാതൊന്നും ലഭിച്ചില്ല. കോളനിയുടെ ഭൂമിയില്‍ കണ്ണുവച്ചിട്ടുള്ള സംഘങ്ങളുടെ സമ്മര്‍ദ്ദംമൂലമാണ് പദ്ധതികള്‍ പിന്‍വലിച്ചതെന്നാണ് ആരോപണം. അതേസമയം വിഷയത്തിന്റെ രാഷ്ട്രീയസാധ്യത മനസ്സിലാക്കി പ്രശ്‌നം ഏറ്റെടുക്കാനുള്ള തീരുമാനത്തിലാണ് സിപിഎം. കോളനിക്കാരെ സംഘടിപ്പിച്ച് ശക്തമായ സമരം ഭരണസിരാകേന്ദ്രത്തിനു സമീപത്തുതന്നെ ആരംഭിക്കാന്‍ കഴിയുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തവേളയില്‍ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ഇതിന്റെ ആദ്യഘട്ടമെന്ന് നിലയില്‍ കോളനിക്കാരുടെ കുടുംബയോഗങ്ങള്‍ പാര്‍ട്ടി നടത്തിവരികയാണ്.
Next Story

RELATED STORIES

Share it