രാജന്‍ ബാബുവിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വേണ്ടി കോടതിയില്‍ ജാമ്യമെടുക്കാന്‍ പോയ ജെഎസ്എസ് നേതാവ് അഡ്വ. രാജന്‍ ബാബുവിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജന്‍ബാബു യുഡിഎഫിന്റെ നിലപാടുകള്‍ക്ക് അനുസരിച്ചല്ല പ്രവര്‍ത്തിച്ചതെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചു. രാജന്‍ ബാബുവിനെതിരേ നടപടിയെടുക്കുന്നത് സംബന്ധിച്ച് കക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമുണ്ടാവും. വെള്ളാപ്പള്ളിയുടെ അഭിഭാഷകനെന്ന നിലയിലാണ് പ്രവര്‍ത്തിച്ചതെന്ന പ്രസ്താവനയിലൂടെ അഡ്വ. രാജന്‍ ബാബുവിന് ചെയ്ത പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ല. അക്കാര്യങ്ങളെല്ലാം വെറും സാങ്കേതികത്വം മാത്രമാണ്.

രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും പാലിക്കേണ്ട മിതത്വവും അതിര്‍വരമ്പുകളുമുണ്ട്. അതില്‍ രാജന്‍ ബാബു ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. ഘടകകക്ഷി നേതാക്കള്‍ ഇക്കാര്യത്തെക്കുറിച്ച് പറയുന്ന അഭിപ്രായങ്ങള്‍ക്കുശേഷം നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീരേന്ദ്രകുമാറിന്റെ പുസ്തകം പിണറായി വിജയന്‍ പ്രകാശനം ചെയ്തതും അഡ്വ. രാജന്‍ ബാബുവിന്റെ പ്രവര്‍ത്തനങ്ങളും രണ്ടു രീതിയിലാണെന്നും മറ്റൊരു ചോദ്യത്തിന് ഉമ്മന്‍ചാണ്ടി മറുപടി നല്‍കി.
Next Story

RELATED STORIES

Share it