Flash News

രാജധാനി കൂട്ടക്കൊല കേസിലെ പ്രതിയെ അടിമാലിയിലെത്തിച്ച് തെളിവെടുത്തു 

രാജധാനി കൂട്ടക്കൊല കേസിലെ പ്രതിയെ അടിമാലിയിലെത്തിച്ച് തെളിവെടുത്തു 
X


madhu convictഅടിമാലി: രാജധാനി കൂട്ടക്കൊല കേസിലെ രണ്ടാം പ്രതിയും അന്തര്‍ സംസ്ഥാന മോഷണ കേസിലെ പ്രതിയുമായ കര്‍ണാടക സിറ സ്വദേശി മധുവിനെ അടിമാലിയിലെത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ ഫെബ്രുവരി 13ന് അടിമാലി ടൗണ്‍ മധ്യത്തിലെ രാജധാനി ലോഡ്ജില്‍ നടന്ന കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരനായിരുന്നു മധു.

സംഭവത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതിയെ ബംഗലൂരു ചിന്‍മയ ഹോസ്പിറ്റല്‍ കാന്റീനില്‍ നിന്നുമാണ് കര്‍ണാടക പോലിസിന്റെ സഹായത്തോടെ അടിമാലി സി.ഐ സജി മാര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കൊലപാതകത്തിനിടെ കവര്‍ന്ന 19.5 പവന്‍ സ്വര്‍ണാഭരണത്തില്‍ ഏഴു പവന്‍ മാത്രമാണ് വീണ്ടെടുക്കാനായത്. കൂടാതെ ഒരു റാഡോ വാച്ച്, മൊബൈല്‍ ഫോണ്‍, 50,000 രൂപ എന്നിവ വീണ്ടെടുക്കേണ്ടതുണ്ട്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടേയാണ് പ്രതിയെ അടിമാലി സ്റ്റേഷനിലെത്തിച്ചത്. പ്രതിയെ കൊലപാതകം നടന്ന ലോഡ്ജിലും പരിസരത്തും എത്തിച്ച് തെളിവെടുത്തു. കൊലപാതകത്തിനു ശേഷം മധു മറ്റു പ്രതികളായ രാഘവേന്ദ്ര, മഞ്ജുനാഥ് എന്നിവര്‍ക്കൊപ്പം കര്‍ണാടകയിലെ സിറ, മുഖാപട്ടണം, മാണ്ഡി എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിച്ചു. ഇതിനിടെ മഞ്ജുനാഥ് കഴിഞ്ഞ മാര്‍ച്ച് രണ്ടിനും രാഘവേന്ദ്ര ഒന്‍പതിനും പോലിസിന്റെ പിടിയിലായി.

ഇവരിപ്പോള്‍ മുവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡിലാണ്. പിന്നീട് പോലിസ് നിരവധി തവണ കര്‍ണാടകയിലെത്തി അന്വേഷണം നടത്തിയെങ്കിലും മധുവിനെ കിട്ടിയില്ല. ഇയാള്‍ കര്‍ണാടകയിലെ വിവിധ ഹോട്ടലുകളില്‍ ജോലി ചെയ്തു വന്നു. കുറഞ്ഞ നാളുകള്‍ മാത്രമാണ് ഓരോ സ്ഥലത്തും തങ്ങിയത്. ഇതിനിടെ മധുവിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോട്ടോകള്‍ പോലിസിന് ലഭിച്ചു. കൂടാതെ ഇയാളുടെ ശരീരത്തില്‍ മധു എന്ന പേരും ഡ്രാഗണിന്റെ രൂപവും പച്ച കുത്തിയതാണെന്നും കണ്ടെത്തി. ഇതിനിടെ കര്‍ണാടകയിലെ സിറ, ഇരിയൂര്‍ പ്രദേശങ്ങളില്‍ ബൈക്കുകള്‍ അടക്കം മധുവും സംഘവും മോഷണം നടത്തി. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് സിറ പോലിസ് മധുവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ 29ന് കര്‍ണാടകയിലെ മാണ്ഡിയില്‍ പ്രതി ഉള്ളതായി അടിമാലി പോലിസിന് വിവരം ലഭിച്ചു. മൂന്നാര്‍ എ.എസ്.പി മെറിന്‍ ജോസഫിന്റെ നിര്‍ദേശാനുസരണം അടിമാലി സി.ഐയുടെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷനിലാണ് മധു കുടുങ്ങിയത്. കേസില്‍ അടിമാലി പോലിസ് അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്. വിചാരണ അടുത്ത മാസം ആരംഭിക്കും. കേസില്‍ 59 സാക്ഷികളാണുള്ളത്.

നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഘവേന്ദ്രയുടെ കമ്പിളി വില്‍പന സംഘത്തില്‍ അംഗമായതോടേയാണ് മധുവും മഞ്ജുനാഥും കൊലപാതകത്തിന് പദ്ധതി തയ്യാറാക്കിയതെന്ന് പോലിസ് പറഞ്ഞു. പ്രതിയെ ഇന്നലെ അടിമാലി കോടതിയില്‍ ഹാജരാക്കി. അടിമാലി സി.ഐ സജി മാര്‍ക്കോസിനു പുറമെ എ.എസ്.ഐ സി വി ഉലഹന്നാന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ സജി എന്‍ പോള്‍, സി.ആര്‍ സന്തോഷ്, ഹോം ഗാര്‍ഡ് കെ. സജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. രാജാധാനി ലോഡ്ജുടമ അടിമാലി മന്നാങ്കാല സ്വദേശി പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിഷ, ആയിഷയുടെ മാതാവ് നാച്ചി എന്നിവരാണ് കൊല്ലപ്പെട്ടത്. തെളിവുകള്‍ നശിപ്പിക്കപ്പെട്ടിട്ടും ഒരു വര്‍ഷം തികയുന്നതിനു മുന്‍പ് പ്രതികളെ കുടുക്കാന്‍ സാധിച്ചത് അടിമാലി പോലിസിന് നേട്ടമായിട്ടുണ്ട്.
Next Story

RELATED STORIES

Share it