രാജകുമാരന്റെ ജനനം സ്വാഗതം ചെയ്തു ഭൂട്ടാനില്‍ 1,08,000 മരങ്ങള്‍ നട്ടു

തിമ്പു: രാജ്യത്തെ രാജകുമാരന്റെ ജനനത്തെ സ്വാഗതം ചെയ്തു ഭൂട്ടാന്‍ 1,08,000 മരങ്ങള്‍ നട്ടു പിടിപ്പിച്ചു. മരങ്ങള്‍ ആയുര്‍ദൈര്‍ഘ്യവും സൗന്ദര്യവും ആരോഗ്യവും അനുകമ്പയും കൊണ്ടുവരുമെന്നാണ് ബുദ്ധമത വിശ്വാസം. തങ്ങളുടെ രാജകുമാരന്റെ സന്തോഷങ്ങളും വളരട്ടെ എന്ന പ്രാര്‍ഥനയോടെയാണ് ഓരോ മരങ്ങളും ജനങ്ങള്‍ നട്ടത്.
കഴിഞ്ഞ മാസം അഞ്ചിനാണ് ജിഗ്മി കൈസര്‍ നാംഗെയ്ല്‍ വാങ്ചുക്ക്, ജറ്റ്‌സന്‍ പെമ ദമ്പതികള്‍ക്ക് ആദ്യ കുട്ടി പിറന്നത്. ഭൂട്ടാന്‍ പ്രധാനമന്ത്രി തെറിങ് തേബെയും പ്രതിപക്ഷ നേതാവും അടക്കമുള്ള ഒരു ലക്ഷത്തോളം പേരാണ് ഈ മാസം ആറിനു നടന്ന മരം നടല്‍ പദ്ധതിയില്‍ പങ്കെടുത്തത്.
നട്ട മരങ്ങളുടെ എണ്ണമായ 1,08,000 എന്ന സംഖ്യക്കും ബുദ്ധമതപ്രകാരം ഒരു പ്രത്യേകതയുണ്ട്. 108 എന്ന സംഖ്യ ബോധോദയത്തില്‍ നിന്നു മനുഷ്യനെ പിന്നോട്ടു വലിക്കുന്നതിന് കാരണമാക്കുന്നു എന്നാണ് വിശ്വാസം.
ഈ സംഖ്യയുടെ പ്രതീകമായാണ് 1,08,000 മരങ്ങള്‍ നട്ടത്. 82,000 മരങ്ങള്‍ ഭൂട്ടാനിലെ കുടുംബങ്ങളും ബാക്കി 26,000 മരങ്ങള്‍ വോളണ്ടിയര്‍മാരുമാണ് നട്ടത്. പ്രകൃതിസംരക്ഷണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന രാജ്യമാണ് ഭൂട്ടാന്‍.
2012ല്‍ ഒരു മണിക്കൂറിനുള്ളില്‍ 49,000 മരങ്ങള്‍ നട്ട് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോള്‍ 60 ശതമാനത്തോളമാണ് ഇവിടത്തെ വനസമ്പത്ത്.
Next Story

RELATED STORIES

Share it