രാഗേഷ് യുഡിഎഫിനൊപ്പം; സ്ഥിരംസമിതിയില്‍ മേല്‍ക്കൈ

കണ്ണൂര്‍: വിമതന്റെ പിന്തുണ ലഭിച്ചതോടെ കണ്ണൂര്‍ കോര്‍പറേഷനിലെ സ്ഥിരംസമിതി തിരഞ്ഞെടുപ്പില്‍ എട്ടില്‍ ഏഴിലും യുഡിഎഫിനു മേല്‍ക്കൈ. തിങ്കളാഴ്ച അര്‍ധരാത്രി 1.30 വരെ ഡിസിസി ഓഫിസില്‍ കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പി കെ രാഗേഷ് യുഡിഎഫിനൊപ്പം നിന്നത്.
ആവശ്യങ്ങളില്‍ മിക്കതും അംഗീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും രണ്ടു കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്തതോടെയാണ് സ്ഥിരംസമിതി തിരഞ്ഞെടുപ്പില്‍ രാഗേഷ് യുഡിഎഫിനെ പിന്തുണച്ചത്. ഇതനുസരിച്ച് പള്ളിക്കുന്ന് സഹകരണ ബാങ്ക് പ്രശ്‌നത്തില്‍ രാഗേഷിനെയും അനുയായികളെയും ജയിലിലടയ്ക്കുകയും മോശമായി പെരുമാറുകയും ചെയ്ത കണ്ണൂര്‍ ടൗണ്‍ എസ്‌ഐ സനല്‍കുമാറിനെ വടകര ക്രൈംബ്രാഞ്ചിലേക്കു മാറ്റി. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കെ സുരേന്ദ്രനെ വടനാട് ജില്ലാ സഹകരണ ബാങ്ക് കണ്‍കറന്റ് ഓഡിറ്ററായും മാറ്റിയിട്ടുണ്ട്. സ്ഥലംമാറ്റം രാഷ്ട്രീയപ്രേരിതമല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ഇരുവരോടും എഴുതിവാങ്ങിയാണ് സ്ഥലംമാറ്റ ഉത്തരവിറക്കിയതെന്നാണു സൂചന.
രാഗേഷിനെയും ഒപ്പം പാര്‍ട്ടി വിട്ടവരെയും തിരിച്ചെടുക്കാനും പള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പുനസ്സംഘടിപ്പിക്കാനും ധാരണയായി. ഇന്നു ചേരുന്ന ഡിസിസി യോഗത്തില്‍ രാഗേഷിന്റെ പുനപ്രവേശം ചര്‍ച്ച ചെയ്യും. മേയര്‍ തിരഞ്ഞെടുപ്പില്‍ പി കെ രാഗേഷ് എല്‍ഡിഎഫിനെ പിന്തുണച്ചതിനാല്‍ യുഡിഎഫിനു സ്ഥാനം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്നു നടന്ന അനുനയശ്രമങ്ങളാണ് യുഡിഎഫിനു തുണയായത്. ഇതോടെ കണ്ണൂരിലെ പ്രഥമ മേയറായി തിരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫിലെ ഇ പി ലതയ്‌ക്കെതിരേ ആറുമാസം കഴിഞ്ഞാല്‍ അവിശ്വാസം കൊണ്ടുവരുമെന്നുറപ്പായി.
ഇന്നലെ രാവിലെ 11നു തുടങ്ങി വൈകീട്ട് ഏഴുവരെ നീണ്ടുനിന്ന സ്ഥിരംസമിതി തിരഞ്ഞെടുപ്പില്‍ ക്ഷേമകാര്യത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് ആധിപത്യം ലഭിച്ചത്. വനിതാ അംഗത്തെ തിരഞ്ഞെടുക്കുമ്പോള്‍ മുസ്‌ലിംലീഗ് പ്രതിനിധി സി എറമുള്ളാന്റെ വോട്ട് അസാധുവായത് തിരിച്ചടിയായി. ലീഗിലെ പി ഷംനയ്ക്കും എല്‍ഡിഎഫിലെ ഇ ബീനയ്ക്കും തുല്യവോട്ട് ലഭിച്ചതോടെ നറുക്കെടുപ്പില്‍ ബീന തിരഞ്ഞെടുക്കപ്പെട്ടു. സ്ഥിരംസമിതി അധ്യക്ഷപദവിയെല്ലാം കൈക്കലാക്കാനായി ധനകാര്യ വകുപ്പിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാതെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് നേരിട്ടത്.
Next Story

RELATED STORIES

Share it