രഹസ്യാന്വേഷണ ബ്യൂറോയ്ക്ക് വിവരാവകാശ കമ്മീഷന്‍ നോട്ടീസ്

ന്യൂഡല്‍ഹി: അഴിമതി പുറത്തു കൊണ്ടുവന്ന ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ ഓഫിസര്‍ സഞ്ജീവ് ചതുര്‍വേദിയെ പീഡിപ്പിക്കുന്നതു സംബന്ധിച്ച റിപോര്‍ട്ടുകള്‍ നല്‍കാത്തതിന് രഹസ്യാന്വേഷണ ബ്യൂറോ (ഐബി)യ്ക്ക് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നോട്ടീസ്. റിപോര്‍ട്ട് നല്‍കാത്തതിനുള്ള കാരണങ്ങള്‍ വിശദമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്. ചില കേസുകളില്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് രഹസ്യാന്വേഷണ ബ്യൂറോയെ ഒഴിവാക്കിയിട്ടുണ്ടെന്നും അഴിമതിയും മനുഷ്യാവകാശ ലംഘനവും ഉള്‍പ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അതു ബാധ്യസ്ഥമാണെന്ന് വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ ലംഘനം സംബന്ധിച്ചാണ് അപേക്ഷകന്‍ വിവരങ്ങള്‍ ആരാഞ്ഞതെന്നും കമ്മീഷന്‍ പറഞ്ഞു. റിപോര്‍ട്ട് പുറത്തുവിടാന്‍ രഹസ്യാന്വേഷണ ബ്യൂറോ തയ്യാറാവാത്ത സാഹചര്യത്തില്‍ പരിസ്ഥിതി- വനം മന്ത്രാലയം റിപോര്‍ട്ടിന്റെ ഒരു പകര്‍പ്പ് ചതുര്‍വേദിക്കു നല്‍കാമായിരുന്നുവെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.ഹരിയാനയില്‍ വനപരിപാലനവുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവന്ന ചതുര്‍വേദിക്കെതിരേ കള്ളക്കേസ് ചുമത്തിയതിനെ പറ്റി രഹസ്യാന്വേഷണ ബ്യൂറോ തയ്യാറാക്കിയ റിപോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടായിരുന്നു അദ്ദേഹം വിവരാവകാശ കമ്മീഷന് അപേക്ഷ നല്‍കിയത്. രഹസ്യാന്വേഷണ ബ്യൂറോ, കാബിനറ്റ് സെക്രട്ടറിക്കും വനം- പരിസ്ഥിതി മന്ത്രാലയത്തിനും റിപോര്‍ട്ട് അയച്ചിരുന്നു.
Next Story

RELATED STORIES

Share it