kasaragod local

രവീശ തന്ത്രി കുണ്ടാറിന് കര്‍ണാടക ദേവസ്വം ബോര്‍ഡിന്റെ കാരണം കാണിക്കല്‍ നോട്ടീസ്

കാസര്‍കോട്: നിയമസഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച രവീശതന്ത്രി കുണ്ടാറിന് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കര്‍ണാടക ദേവസ്വം ബോര്‍ഡിന്റെ കാരണം കാണിക്കല്‍ നോട്ടീസ്.
പുത്തൂര്‍ മഹാലിങ്കേശ്വര ക്ഷേത്ര എക്‌സിക്യുട്ടീവ് ഓഫിസറാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ക്ഷേത്രത്തിലെ പൂജാരിയാണ് രവീശതന്ത്രി. തിരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി സ്ഥാനാര്‍ഥിയായി മല്‍സരിച്ച സാഹചര്യത്തില്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു മറ്റൊരാളെ നിയമിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നു കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ദേവസ്വം വകുപ്പ് ജീവനക്കാര്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തരുതെന്ന് വ്യവസ്ഥയുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ രവീശതന്ത്രി സ്ഥിരം ജീവനക്കാരനല്ലെന്നും അതിനാല്‍ ഈ വ്യവസ്ഥ ബാധകമല്ലെന്നും ബിജെപി നേതാക്കള്‍ പറയുന്നു. നോട്ടീസ് ലഭിച്ചതായും നിശ്ചിതസമയത്തിനകം മറുപടി നല്‍കുമെന്നും രവീശതന്ത്രി പറഞ്ഞു.
കര്‍ണാടക സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തി രാഷ്ട്രീയപ്രതികാരം തീര്‍ക്കുകയാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. കാസര്‍കോട്ടെ 40ഓളം ക്ഷേത്രങ്ങളുടെ തന്ത്രിയാണ് ഇദ്ദേഹം. ഇദ്ദേഹം മല്‍സരിക്കുന്നതിനെതിരെ പ്രമുഖ താന്ത്രിക ആചാര്യന്മാര്‍ നേരത്തെ രംഗത്തുണ്ടായിരുന്നു. ക്ഷേത്രങ്ങളെ രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നായിരുന്നു ആചാര്യന്മാരുടെ ആവശ്യം.രാത്രി കാലങ്ങളില്‍ പോലും പല സ്ഥലങ്ങളിലും ഇദ്ദേഹം തന്ത്രി എന്ന പേരില്‍ വോട്ടഭ്യര്‍ത്ഥിച്ചതും ഏറെ വിവാദമായിരുന്നു. 8500ല്‍പരം വോട്ടുകള്‍ക്കാണ് മുസ്‌ലിംലീഗിലെ എന്‍ എ നെല്ലിക്കുന്ന് തന്ത്രിയെ പരാജയപ്പെടുത്തിയത്.
Next Story

RELATED STORIES

Share it