രവിശങ്കറുടെ പരിപാടിക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിമര്‍ശനം; 25 ലക്ഷം ഉടന്‍ പിഴയടയ്ക്കാമെന്ന വ്യവസ്ഥയില്‍ അനുമതി

ന്യൂഡല്‍ഹി: പിഴസംഖ്യയില്‍ 25 ലക്ഷം രൂപ ഉടന്‍ കെട്ടിവയ്ക്കാമെന്ന് ആര്‍ട്ട് ഓഫ് ലിവിങ് സംഘാടകര്‍ അറിയിച്ചതോടെ യമുനാ നദീതീരത്തെ പരിപാടിയുമായി മുന്നോട്ടുപോവാന്‍ അവസാന നിമിഷം ഹരിത ട്രൈബ്യൂണല്‍ അനുമതി. ജയിലില്‍ പോയാലും പിഴ ഒടുക്കില്ലെന്ന കഴിഞ്ഞ ദിവസത്തെ ആര്‍ട്ട് ഓഫ് ലിവിങ് മേധാവി ശ്രീ ശ്രീ രവിശങ്കറുടെ പ്രസ്താനയില്‍ നിന്ന് പിന്നാക്കം പോയ സംഘാടകര്‍ പിഴയുടെ ഒരു വിഹിതം അടയ്ക്കാമെന്ന് സമ്മതിക്കുകയായിരുന്നു.
സംഘാടകര്‍ക്ക് കഴിഞ്ഞ ദിവസം ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) അഞ്ചു കോടി രൂപ പിഴ ചുമത്തിയിരുന്നു. അതില്‍ 25 ലക്ഷം ഇന്നലെ തന്നെ കെട്ടിവയ്ക്കാമെന്ന് ആര്‍ട്ട് ഓഫ് ലിവിങ് സംഘാടകര്‍ അറിയിച്ചു.
ഇന്നലെ ഹരജി പരിഗണിച്ചപ്പോള്‍ കോടതിയോട് പിഴയടയ്ക്കുന്നതിന് സംഘാടകര്‍ നാലാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടു. അഞ്ചു കോടി രൂപ പെട്ടെന്ന് ഉണ്ടാക്കാന്‍ കഴിയില്ലെന്നും ആര്‍ട്ട് ഓഫ് ലിവിങ് ഒരു ചാരിറ്റബിള്‍ സംഘടനയാണെന്നും സംഘാടകര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് ഇന്ന് നിങ്ങള്‍ക്ക് എത്ര രൂപ അടയ്ക്കാന്‍ കഴിയുമെന്ന് ട്രൈബ്യൂണല്‍ ചോദി ച്ചു. യഥാര്‍ഥത്തില്‍ അഞ്ചുകോടി രൂപ പിഴയല്ലെന്നും പരിപാടി കാരണം പരിസ്ഥിതിക്കുണ്ടായ നാശത്തിന് നഷ്ടപരിഹാരമായിട്ടാണ് തുക വിലയിരുത്തുകയെന്നും കോടതി പറഞ്ഞു. ഇതേതുടര്‍ന്ന് 25 ലക്ഷം രൂപ ഇപ്പോള്‍ കെട്ടിവയ്ക്കാമെന്നും ബാക്കി തുക മൂന്നാഴ്ചയ്ക്കുള്ളില്‍ അടയ്ക്കാമെന്നും സംഘാടകര്‍ അറിയിച്ചു. സംഘാടകരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ജയിലില്‍ പോയാലും പിഴ ഒടുക്കില്ലെന്ന കഴിഞ്ഞ ദിവസത്തെ ആര്‍ട്ട് ഓഫ് ലിവിങ് മേധാവി ശ്രീ ശ്രീ രവിശങ്കറുടെ നിലപാടിനെ കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
രവിശങ്കര്‍ പിഴയടയ്ക്കില്ലെന്നും ആവശ്യമെങ്കില്‍ ജയിലി ല്‍ പോവാന്‍ തയ്യാറാണെന്നും പറഞ്ഞിട്ടുണ്ടോയെന്ന് ട്രൈബ്യുണല്‍ സംഘാടകരോട് ചോദിച്ചു.
ജീവനകല സ്ഥാപകനായ ഒരാളില്‍ നിന്ന് ഇതുപോലുള്ള വാക്കുകള്‍ പ്രതീക്ഷിക്കുന്നില്ലെന്നും സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ഹരിത ട്രൈബ്യൂണല്‍ ബെഞ്ച് പറഞ്ഞു. കേസില്‍ അടുത്തമാസം നാലിന് വീണ്ടും വാദം കേള്‍ക്കും.
ആര്‍ട്ട് ഓഫ് ലിവിങ് സംഘാടകര്‍ പിഴത്തുകയുടെ ബാക്കി 4.75 കോടി രൂപ അടച്ചില്ലെങ്കില്‍ കലാ സാംസ്‌കാരിക സംഘടനകളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി കേന്ദ്ര സാംസ്‌കാരിക വകുപ്പ് അനുവദിക്കുന്ന 2.25 കോടി രൂപയുടെ ഗ്രാന്റ് പിടിച്ചു വയ്ക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
പരിപാടി നടക്കുന്നതിനാല്‍ യമുനാനദി മലിനപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പരിസ്ഥിതിമലിനീകരണ നിയന്ത്രണ ബോര്‍ഡിനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനും ജില്ലാ ടൂറിസം വകുപ്പിനും നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it