രമേശ് ചെന്നിത്തല യുഡിഎഫ് ചെയര്‍മാനാവും

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തന്നെ യുഡിഎഫ് ചെയര്‍മാനാവും. മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി ഈ സ്ഥാനം വേണ്ടന്നുവച്ച സാഹചര്യത്തിലാണിത്. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെ അറിയിക്കാന്‍ തന്നോട് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടതായും അതിന്റെ അടിസ്ഥാനത്തില്‍ ഇന്നു നടത്തിയ കൂടിക്കാഴ്ചയില്‍ സോണിയാഗാന്ധിയെ ഇക്കാര്യം അറിയിച്ചതായും രമേശ് ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു. കീഴ്‌വഴക്കമനുസരിച്ച് ഭരണത്തിലിരിക്കുമ്പോള്‍ മുഖ്യമന്ത്രിയാവുന്ന ആളും അല്ലെങ്കില്‍ പ്രതിപക്ഷനേതാവാകുന്ന ആളുമാണ് യുഡിഎഫ് ചെയര്‍മാനാവുക. എന്നാല്‍, ഉമ്മന്‍ചാണ്ടി ഈ പദവി ഏറ്റെടുക്കണമെന്ന് തന്റെ ആവശ്യമായിരുന്നുവെന്നും അദ്ദേഹം നിരസിച്ച സാഹചര്യത്തില്‍ അത് തന്നിലേക്കാണു വന്നുചേരുകയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സോണിയാഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരുമായി നടന്ന ചര്‍ച്ചയില്‍ കേരളത്തിലെ സംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി പുനസ്സംഘടന ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കേരളത്തില്‍ നിന്നുള്ള 50 നേതാക്കളെ ഡല്‍ഹിയിലേക്കു വിളിപ്പിക്കും. ആരെയെല്ലാമാണു വിളിപ്പിക്കുകയെന്ന് ഹൈക്കമാന്‍ഡാണു തീരുമാനിക്കുക. തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാവര്‍ക്കും ഉണ്ടെന്ന് ചെന്നിത്തല പറഞ്ഞു. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ പോലിസ് ക്രൂരമായി തല്ലിച്ചതച്ചുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
വിദ്യാര്‍ഥികളുടെ തലയ്ക്കാണ് പോലിസ് തല്ലിയത്. നോമ്പുകാരായ വിദ്യാര്‍ഥികളെപോലും മര്‍ദ്ദിച്ചു. പോലിസിന്റെ കണ്‍മുന്നിലും പോലിസ് വണ്ടിയിലും എസ്എഫ്‌ഐക്കാര്‍ കെഎസ്‌യുക്കാര്‍ക്കെതിരേ അക്രമം അഴിച്ചുവിട്ടു. ഭരണമാറ്റത്തിനു ശേഷം എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെും ഗുണ്ടായിസത്തിന് പോലിസ് കൂട്ടുനില്‍ക്കുകയാണ്. തുല്യനീതിയെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു വിരുദ്ധമാണ് ഇതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it