Kottayam Local

രണ്ട് സെന്റ് ഭൂമിയില്‍ ശ്മശാനവും കുടിവെള്ള പദ്ധതിയുടെ ടാങ്കും; രോഗഭീതിയില്‍ 41 കുടുംബങ്ങള്‍

കോട്ടയം: രണ്ട് സെന്റ് ഭൂമിയില്‍ ശ്മശാനവും കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ടാങ്കും സ്ഥിതി ചെയ്യുന്നത് പ്രദേശവാസികള്‍ക്ക് ഭീഷണിയാവുന്നു. മറ്റക്കര കിളിയന്‍കുന്ന് കോളനിയില്‍ സ്ഥിതി ചെയ്യുന്ന വാട്ടര്‍ടാങ്കും ശ്മശാനവും തമ്മില്‍ ഒരു മീറ്റര്‍ മാത്രം വ്യത്യാസമാണുള്ളത്. ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കുമ്പോള്‍ പുകപടലങ്ങള്‍ പലപ്പോഴും വാട്ടര്‍ടാങ്കില്‍ പതിയ്ക്കാറുണ്ട്. ഇതോടെ പുതിയ ശ്മശാനമെന്ന ആവശ്യം ഇവിടെ ശക്തമാവുകയാണ്. 41 കുടുംബങ്ങളാണ് കിളിയന്‍കുന്ന് കോളനിയില്‍ താമസിക്കുന്നത്.
ഈ കുടുംബങ്ങളിലേയ്ക്കും ഒരു നഴ്‌സറിയിലേയക്കും കുടിവെള്ളം ലഭിക്കുന്നതിനുള്ള ഏക മാര്‍ഗം കോളനിയിലെ കുടിവെള്ള പദ്ധതിയിയാണ്. കൂടാതെ ശ്മശാനത്തില്‍ നിന്നും നാല് മീറ്റര്‍ മാത്രം അകലമാണ് സമീപത്തെ വീടുകള്‍ക്കുള്ളത്. കോളനിയിലെ കുടുംബങ്ങള്‍ക്ക് വീടുള്‍പ്പെടെ ഏകദേശം നാല് സെന്റാണ് സ്ഥലമുള്ളത്. ഇവരുടെ ബന്ധുക്കള്‍ മരണമടഞ്ഞാല്‍ മൃതദേഹം സംസ്‌കരിക്കാന്‍ ഇടമില്ലാതെ വന്നതോടെ സംസ്‌കരണത്തിനായി പ്രദേശത്തെ തരിശു ഭൂമി ഉപയോഗിക്കുകയായിരുന്നു. പിന്നീട് ഇതൊരു ശ്മശാന ഭൂമിയായി മാറി. തുടര്‍ന്ന് നിലവില്‍ വന്ന കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ ടാങ്ക് നിര്‍മിക്കാന്‍ സ്ഥലം ലഭിക്കാതെ വന്നതോടെ വാട്ടര്‍ടാങ്കും ഇവിടെ നിര്‍മിക്കുകയായിരുന്നു.
ഇപ്പോള്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന പൊടിപടലങ്ങള്‍ വീണ് ജലം മലിനമാവുകയാണ്. പുതിയൊരു ശ്മശാനമെന്ന ആവശ്യവുമായി സിഎസ്ഡിഎസ് മറ്റക്കര മണല്‍ കുടുംബയോഗം ഭാരവാഹികള്‍ മുഖ്യമന്ത്രിയെയും ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് അധികാരികളേയും സമീപിച്ചിരുന്നു.
50 മീറ്റര്‍ പരിധിയില്‍ വീടുകളില്ലാത്ത സ്ഥലം ലഭിച്ചാല്‍ പ്രദേശവാസികളുടെ ശ്മശാനം യാഥാര്‍ഥ്യമാക്കാമെന്ന നിലപാടിലാണ് അധികാരികള്‍. എന്നാല്‍ കോളനിയുടെ പരിസരത്തെങ്ങും ഇങ്ങനെയൊരു സ്ഥലം ലഭ്യമല്ല. ഇതോടെ കോളനിക്കാരുടെ പ്രതീക്ഷയും മങ്ങി. അടുത്ത പഞ്ചായത്തായ അയര്‍ക്കുന്നത്തിന്റെ പരിധിയില്‍ സ്ഥലം ലഭ്യമാണ്. കോളനി സ്ഥിതി ചെയ്യുന്ന അകലക്കുന്നം പഞ്ചായത്തും അയര്‍ക്കുന്നം പഞ്ചയത്തും സഹകരിച്ചാല്‍ ഇവരുടെ സ്വപ്‌നം യാഥാര്‍ഥ്യമാവും. ഈ പ്രതീക്ഷയിലാണ് കോളനിനിവാസികള്‍.
Next Story

RELATED STORIES

Share it