രണ്ട് സത്യവാങ്മൂലങ്ങള്‍;കാണാതായ അഞ്ച് രേഖകള്‍

ന്യൂഡല്‍ഹി: ഇശ്‌റത് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് 2009 ആഗസ്ത് ആറിന് ഇശ്‌റതിന്റെ മാതാവ് ശമീമ കൗസറിന്റെ ഹരജി പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതിയില്‍ ആഭ്യന്തരമന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചു. സിബിഐ അന്വേഷണത്തെ എതിര്‍ത്ത ഈ സത്യവാങ്മൂലം, ഒരു രഹസ്യാന്വേഷണ വിവരത്തെ ഉദ്ധരിച്ചുകൊണ്ട് ഗുജറാത്ത് പോലിസ് 2004 ജൂണ്‍ 15നു വധിച്ച ഇശ്‌റത് ജഹാന്‍, ജാവേദ് ശെയ്ഖ് എന്ന പ്രാണേഷ് പിള്ള, സീഷാന്‍ ജോഹര്‍, അംജദ് അലി റാണ എന്നിവര്‍ ലശ്കറെ ത്വയ്യിബയുടെ സ്ലീപ്പര്‍ സെല്ലിന്റെ ഭാഗമാണെന്നു വാദിച്ചു. ഈ സത്യവാങ്മൂലത്തിന് ആറ് ആഴ്ചകള്‍ക്കു ശേഷം സമര്‍പ്പിച്ച രണ്ടാം സത്യവാങ്മൂലത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു ഭീകരബന്ധമുണ്ടെന്നതിന് ആവശ്യമായ തെളിവ് ഐബിയുടെ റിപോര്‍ട്ടിലില്ലെന്ന് ആഭ്യന്തരമന്ത്രാലയം തിരുത്തി. ഇശ്‌റത്തിന്റെ മാതാവ് ആവശ്യപ്പെട്ടതുപോലെ കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയാണെങ്കില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും മന്ത്രാലയം ഇതില്‍ അറിയിച്ചു. കാണാതായ രേഖകള്‍: ഈ മാസം 10നാണ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇശ്‌റത് കേസുമായി ബന്ധപ്പെട്ട അഞ്ച് രേഖകള്‍ മന്ത്രാലയത്തിന്റെ ഫയലില്‍ നിന്നു കാണാതായതായി ലോക്‌സഭയില്‍ അറിയിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു ഈ രേഖകള്‍ കാണാതായതെന്നും രാജ്‌നാഥ് പറഞ്ഞു.2009 സപ്തംബറിലെ ചില രേഖകളാണു കാണാതായത്. ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള അറ്റോര്‍ണി ജനറല്‍ വഹന്‍വതിക്ക് അയച്ച രണ്ട് കത്തുകള്‍, അറ്റോര്‍ണി ജനറല്‍ പരിശോധിച്ച രണ്ടാം സത്യവാങ്മൂലത്തിന്റെ കരട് രേഖ, ആഭ്യന്തരമന്ത്രി ചിദംബരം ഭേദഗതി വരുത്തിയ സത്യവാങ്മൂലത്തിന്റെ കരട് രേഖ, ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രണ്ടാം സത്യവാങ്മൂലത്തിന്റെ ഓഫിസ് കോപ്പി എന്നിവയാണ് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നു കാണാതായ രേഖകള്‍.രണ്ടാം സത്യവാങ്മൂലത്തില്‍ രാഷ്ട്രീയമായ മാറ്റം വരുത്തിയിരുന്നെന്ന് ജി കെ പിള്ള പിന്നീട് ആരോപിച്ചിരുന്നു. ഇശ്‌റത്തിന് ലശ്കര്‍ ബന്ധമുണ്ടെന്ന തരത്തിലുള്ള പരാമര്‍ശം സത്യവാങ്മൂലത്തില്‍ ഇല്ലാതിരിക്കാന്‍ ചിദംബരം ഇടപെട്ടിരുന്നുവെന്നും പിള്ള ആരോപിച്ചിരുന്നു. പിള്ളയുടെ വാദത്തെ ബിജെപി ഏറ്റെടുക്കുകയും തങ്ങളുടെ നേതാക്കളെ കുടുക്കാന്‍ ചിദംബരം ഇടപെടുകയായിരുന്നുവെന്ന് ആരോപിക്കുകയും ചെയ്തു.എന്നാല്‍ രണ്ടാം സത്യവാങ്മൂലം തികച്ചും ശരിയായിരുന്നെന്നും താന്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും ചിദംബരം വ്യക്തമാക്കി.ചിദംബരത്തിന്റെ വാദത്തിന് ബലമേകിക്കൊണ്ട് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ സതീഷ് വര്‍മ പിന്നീട് രംഗത്തുവന്നു. ഇശ്‌റത്തിനെയും കൂട്ടരെയും ലശ്കര്‍ പ്രവര്‍ത്തകരാക്കിക്കൊണ്ട് ആഭ്യന്തരമന്ത്രാലയം സമര്‍പ്പിച്ച ആദ്യ സത്യവാങ്മൂലം തയ്യാറാക്കിയത് ഐബി തന്നെയായിരുന്നുവെന്നും ഇശ്‌റത് ജഹാനടക്കമുള്ളവര്‍ ഐബി കസ്റ്റഡിയിലെടുത്ത ശേഷം വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നുവെന്നുമായിരുന്നു സംഭവം അന്വേഷിക്കാന്‍ ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍ സതീഷ് വര്‍മ ഈ മാര്‍ച്ചില്‍ വ്യക്തമാക്കിയത്. ആഭ്യന്തരമന്ത്രാലയത്തിന്റെ ആദ്യ സത്യവാങ്മൂലം ഐബി തയ്യാറാക്കിയതിനു ശേഷം കോടതിയില്‍ സമര്‍പ്പിക്കാന്‍ വേണ്ടി മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയായിരുന്ന ആര്‍വിഎസ് മണിക്ക് കൈമാറുകയായിരുന്നുവെന്നും സതീഷ് വര്‍മ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it