രണ്ട് ഭാര്യമാരുള്ളവര്‍ക്ക്  അധ്യാപകരാവാന്‍ യോഗ്യതയില്ല

ലഖ്‌നോ: ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ളവര്‍ക്ക് അധ്യാപകരാവാന്‍ യോഗ്യതയില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്ത് 3,500 ഉര്‍ദു അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിലാണ് അധ്യാപക നിയമനത്തില്‍ സര്‍ക്കാര്‍ പുതിയ വ്യവസ്ഥ കൊണ്ടുവന്നത്.
ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുകയും ഭാര്യമാര്‍ ജീവനോടെയിരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ നിയമനത്തിനര്‍ഹരല്ല. സ്ത്രീകളാണ് ഉദ്യോഗാര്‍ഥികളെങ്കില്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടാവാന്‍ പാടില്ലെന്നും വിജ്ഞാപനത്തിലുണ്ട്.
ജീവനക്കാരന്‍ മരിച്ചാല്‍ അയാളുടെ വിധവയ്ക്കു പെന്‍ഷ ന്‍ നല്‍കുമ്പോള്‍ ആശയക്കുഴപ്പമൊഴിവാക്കാന്‍ വേണ്ടിയാണ് പുതിയ വ്യവസ്ഥ കൊണ്ടുവന്നതെന്നാണ് ഉത്തര്‍പ്രദേശ് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി അഹ്മദ് ഹസന്‍ പറഞ്ഞത്. ഉര്‍ദു അധ്യാപക നിയമനത്തില്‍ മാത്രമല്ല, സര്‍ക്കാ ര്‍ മേഖലയിലെ എല്ലാ അധ്യാപക നിയമനങ്ങളിലും പുതിയ വ്യവസ്ഥ ബാധകമാണെന്ന് വിദ്യാഭ്യാസ വകുപ്പും വ്യക്തമാക്കി. ജനുവരി അഞ്ചിനും എട്ടിനും പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം 19ാം തിയ്യതി മുതല്‍ അപേക്ഷകള്‍ സ്വീകരിക്കും.
എന്നാല്‍ പുതിയ വ്യവസ്ഥയ്‌ക്കെതിരേ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് രംഗത്തെത്തി. മുസ്‌ലിംകളുടെ അവകാശ നിഷേധമാണ് പുതിയ വ്യവസ്ഥയെന്നാണവരുടെ വാദം. ജീവനക്കാരുടെ നിയമനത്തില്‍ ഇങ്ങനെയൊരു ഉപാധി കൊണ്ടുവരാന്‍ സര്‍ക്കാരിനു കഴിയില്ല. ഇസ്‌ലാമില്‍ നാലു വിവാഹം കഴിക്കാമെന്നു വ്യവസ്ഥയുണ്ടെങ്കിലും ഒരു ശതമാനം മുസ്‌ലിംകള്‍ക്കു മാത്രമേ രണ്ടു ഭാര്യമാരുള്ളൂ. എന്നാലും അങ്ങനെയൊരു വ്യവസ്ഥ സ്വീകാര്യമല്ല -ലഖ്‌നോ ഈദ്ഗാഹ് ഇമാമും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗവുമായ മൗലാന ഖാലിദ് റഷീദ് ഫിറങ്കി മഹാലി പറഞ്ഞു.
ഒരാള്‍ക്ക് രണ്ടു ഭാര്യമാരുണ്ടെങ്കില്‍ പെന്‍ഷന്‍ രണ്ടുപേര്‍ക്കും വീതിക്കണമെന്നും സര്‍ക്കാരിനു വേറെ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പരിഹാരം കണ്ടെത്താമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it