രണ്ട് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

പാലക്കാട്: രണ്ടു കിലോ കഞ്ചാവുമായി തൃശൂര്‍ സ്വദേശിയെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. തൃശൂര്‍ നെടുപുഴ പനങ്ങാട്ടില്‍ വീട്ടില്‍ രാമഭദ്രന്‍(51) ആണ് അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ നിന്നു കെഎസ്ആര്‍ടിസി ബസ്സില്‍ കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. തൃശൂരിലെ ഒരു പ്രമുഖ കോളജിന് സമീപമാണ് കഞ്ചാവ് വില്‍പന നടത്തുന്നതെന്ന് പ്രതി എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. മൂവാറ്റുപുഴയിലേക്കും കഞ്ചാവ് കടത്താറുണ്ട്.
സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് പ്രധാന കച്ചവടമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2014ല്‍ ഗോവിന്ദാപുരം എക്‌സൈസ് ചെക്‌പോസ്റ്റിലും ഇയാള്‍ രണ്ടുകിലോ കഞ്ചാവുമായി പിടിയിലായിരുന്നു. അന്ന് ഇയാളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.
സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി ശ്രീകുമാര്‍, പ്രിവന്റീവ് ഓഫിസര്‍ കെ സി രൂപേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it