രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

പാരിപ്പള്ളി(കൊല്ലം): ഉല്‍സവാഘോഷത്തിനിടെ പിക്അപ്പ് വാനില്‍ കരുതിയിരുന്ന വെടിമരുന്നിനും മണ്ണെണ്ണയ്ക്കും തിപിടിച്ച് പൊള്ളലേറ്റ രണ്ടുപേര്‍ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പാരിപ്പള്ളി വേളമാനൂര്‍ എകെആര്‍ ഹൗസില്‍ അനിതാകുമാരിയുടെ മകന്‍ ആകാശ് (16), പാരിപ്പള്ളി വേളമാനൂര്‍ എആര്‍ ഭവനില്‍ അരവിന്ദാക്ഷന്റെ മകന്‍ അനന്തു (18) എന്നിവരാണു മരണപ്പെട്ടത്. ഇവരോടൊപ്പം പിക്അപ്പ് വാനിലുണ്ടായിരുന്ന പാരിപ്പള്ളി വേളമാനൂര്‍ ഉപവില്ലയില്‍ പുരുഷോത്തമന്റെ മകന്‍ ശ്രീകുമാറിന്റെ (53) നില ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. വേളമാനൂര്‍ ശ്രീഭഗവതി ക്ഷേത്രത്തിലെ ഉല്‍സവ ഘോഷയാത്രയോടനുബന്ധിച്ച് പ്രദേശത്തു പ്രവര്‍ത്തിക്കുന്ന വേളമാനൂര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ അംഗങ്ങള്‍ മണ്ണെണ്ണയും വെടിമരുന്നും കരുതിയിരുന്നു. പോലിസിന്റെ മുന്നറിയിപ്പിനെ അവഗണിച്ച് അശ്രദ്ധമായി മണ്ണെണ്ണ വായിലാക്കി തീ ഊതുന്നതിനിടെ വാനില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നിനും മണ്ണെണ്ണയ്ക്കും തീപിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.
പരിപാടികള്‍ക്ക് പോലിസിന്റെ അനുമതി ഇല്ലായിരുന്നുവെന്നു പറയപ്പെടുന്നു. കൂടാതെ ക്ഷേത്രത്തിലെ ഉല്‍സവാഘോഷത്തിന് അനുമതി നല്‍കുന്ന സമയത്ത് ഇത്തരത്തില്‍ യാതൊരു പരിപാടിയും നടത്താന്‍ പാടില്ലെന്ന് പോലിസ് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അമ്പലത്തിന്റെ ഭാരവാഹികളെയും ക്ലബ്ബ് അംഗങ്ങളെയും പരിപാടി സ്‌പോണ്‍സര്‍ ചെയ്ത ആളെയും കമ്പക്കാരനെയും പ്രതിചേര്‍ത്ത് പോലിസ് കേസെടുത്തു. ഈ കേസില്‍ അറസ്റ്റിലായ ആറുപേരെ റിമാന്‍ഡ് ചെയ്തു.
കരിമരുന്ന് ഉപയോഗിക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ വ്യക്തമായ അറിവോ മുന്‍പരിചയമോ ഇല്ലാതെ അപകടം ഉണ്ടാക്കിയ ഈ സംഭവത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാവുമെന്നും പാരിപ്പള്ളി എസ്‌ഐ എസ് ജയകൃഷ്ണന്‍ അറിയിച്ചു. പകല്‍ക്കുറി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് ആകാശ്. പ്ലസ്ടു കഴിഞ്ഞ് ഐടിഐക്കു ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു അനന്തു. അഞ്ജുവാണ് അനന്തുവിന്റെ സഹോദരി. ആകാശിന്റെ സഹോദരങ്ങള്‍: അഞ്ജ, ആതിര.
Next Story

RELATED STORIES

Share it