kozhikode local

രണ്ടുമാസം പിന്നിട്ടിട്ടും 'എന്റെ കൂടില്‍' ചേക്കേറിയത് 30 ഓളം പേര്‍ മാത്രം

കോഴിക്കോട്: കോരിച്ചൊരിയുന്ന മഴയില്‍ കടതിണ്ണകളില്‍ അന്തിയുറങ്ങുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സാമൂഹ്യ നീതി വകുപ്പ് കൂടുകൂട്ടിയ 'എന്റെ കൂടി' ല്‍ ചേക്കേറാന്‍ അതിഥികള്‍ എത്തുന്നത് നന്നേകുറവ്.
നിരാലംബരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രികാലങ്ങളില്‍ സുരക്ഷയൊരുക്കിയാണ് പുതിയറ കസബ പോലിസ് സ്‌റ്റേഷന്‍ പരിസരത്ത് രാത്രികാല വസതി പണിതത്. 2015 ആഗസ്ത് 31ന് ഉദ്ഘാടനം ചെയ്ത ശേഷം വളരെ കുറച്ചു പേര്‍മാത്രമാണ് ഇത്രയും വലിയ സൗകര്യം ഉപയോഗപ്പെടുത്താന്‍ എത്തിയത്.
വെറും മുപ്പതോളം പേര്‍മാത്രം. ഇവരില്‍ തന്നെ പോലിസ് രാത്രികാലങ്ങളില്‍ നടത്തുന്ന പെട്രോളിങ്ങിനിടയില്‍ കണ്ടെത്തിയവരും ഉള്‍പ്പെടുന്നു..
ട്രെയിനിലെ ബെര്‍ത്തിന്റെ രീതിയിലായി 50 പേര്‍ക്ക് കിടന്നുറങ്ങാനുള്ള സൗകര്യമാണിവിടെ ഉള്ളത്. വരുന്ന അതിഥികള്‍ക്ക് തോര്‍ത്ത്, സോപ്പ്, ബക്കറ്റ്, പ്ലേറ്റ്, ഗ്ലാസ് എന്നിവ ഉപയോഗിക്കുന്നതിനായി നല്‍കും. വൈകിട്ട് ആറു മുതല്‍ ഏഴു വരെയാണ് ഇവിടേക്ക് പ്രവേശനം. രാത്രിയില്‍ ഒരു വനിതാവാര്‍ഡനും ഇവിടെയുണ്ട്. പകല്‍ സമയങ്ങളില്‍ കൗണ്‍സിലിങ് സൗകര്യവുമുണ്ട്. ഇവര്‍ക്കുള്ള ഭക്ഷണം 'ഓപറേഷന്‍ സുലൈമാനി' പദ്ധതി വഴി ലഭിക്കുകയും ചെയ്യുന്നു.
ഇന്നലെ ഇവിടെ അന്തിയുറങ്ങാന്‍ എത്തിയതാകട്ടെ നാലുപേര്‍ മാത്രം. വാഹനങ്ങള്‍ കിട്ടാതെയും മറ്റും നഗരത്തില്‍ ഒറ്റപ്പെട്ടു പോകുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് 'എന്റെ കൂട്'. പത്തുവയസില്‍ താഴെയുള്ള ആണ്‍കുട്ടികളേയും പ്രവേശിപ്പിക്കും.
ഇത്തരം സൗകര്യങ്ങള്‍ ഉള്ള വിവരം റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ എഴുതി വച്ചിരുന്നുവെങ്കില്‍ ഈ കൂട് കാലിയാവുമായിരുന്നില്ല. വേണ്ടത്ര 'പരസ്യം' നല്‍കാത്തതാണ് പദ്ധതി പൂര്‍ണ വിജയം കാണാത്തത്. സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ഇക്കാര്യം നിരാലംബരായ സ്ത്രീകള്‍ക്ക് പറഞ്ഞുകൊടുക്കാവുന്നതാണ്.
Next Story

RELATED STORIES

Share it