രണ്ടുമണ്ഡലങ്ങളിലെ വോട്ടെടുപ്പ് റദ്ദാക്കി ;കമ്മീഷന്റെ നടപടി തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യം

ന്യൂഡല്‍ഹി: ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടു മണ്ഡലങ്ങളിലെ മാറ്റിവച്ച നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കി. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍, അരവാകുറിശ്ശി എന്നീ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പാണു റദ്ദാക്കിയത്. സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും വന്‍തോതില്‍ പണവും സമ്മാനങ്ങളും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകര്‍ക്ക് ബോധ്യപ്പെട്ടിരുന്നു. ഇവര്‍ നല്‍കിയ റിപോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. നേരത്തെ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കാന്‍ സംസ്ഥാന ഗവര്‍ണര്‍ കെ റോസയ്യക്ക് കമ്മീഷന്‍ ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാഷ്ട്രീയകക്ഷികള്‍ പണം ഉപയോഗിച്ചുവെന്നതിന് തെളിവു ലഭിച്ച സാഹചര്യത്തിലാണ് ഇരു മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് റദ്ദാക്കിയത്. ഇവിടങ്ങളില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്താന്‍ പറ്റിയ അന്തരീക്ഷമല്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. രണ്ടു മണ്ഡലങ്ങളില്‍ നിന്ന് എട്ടുകോടി രൂപ കമ്മീഷന്‍ പിടിച്ചെടുത്തിരുന്നു. 2500ലേറെ ലിറ്റര്‍ മദ്യവും വെള്ളി, മുണ്ടുകള്‍, സാരികള്‍ തുടങ്ങിയ സമ്മാനങ്ങളും പിടികൂടിയിരുന്നു. വോട്ടെടുപ്പില്‍ കൃത്രിമം, ബൂത്ത് പിടിച്ചടക്കല്‍ തുടങ്ങിയ കാരണങ്ങളാലാണ് സാധാരണയായി തിരഞ്ഞെടുപ്പ് റദ്ദാക്കാറുള്ളത്. എന്നാല്‍, ഇതാദ്യമായിട്ടാണ് വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന കാരണത്താല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കുന്നത്. അരവാകുറിശ്ശിയിലെയും തഞ്ചാവൂരിലെയും വോട്ടെടുപ്പ് കമ്മീഷന്‍ രണ്ടുതവണ നീട്ടിവച്ചിരുന്നു. പണവും സമ്മാനവും വോട്ടര്‍മാര്‍ക്കു നല്‍കി എന്ന റിപോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു അത്. മെയ് 16ന് നടക്കേണ്ട വോട്ടെടുപ്പ് 23ലേക്കാണ് ആദ്യം മാറ്റിയത്. പിന്നീട് ജൂണ്‍ 13ലേക്കു മാറ്റി. മെയ് 16നാണ് ബാക്കി മണ്ഡലങ്ങളിലെല്ലാം വോട്ടെടുപ്പ് നടന്നത്. അരവാകുറിശ്ശിയില്‍ ഏഴുകോടിയിലധികം രൂപയും ഒമ്പതു ലക്ഷത്തിന്റെ വെള്ളിയും പിടികൂടിയിട്ടുണ്ട്. തഞ്ചാവൂരില്‍ പിടികൂടിയത് 75 ലക്ഷത്തിലേറെ രൂപയാണ്. അരവാകുറിശ്ശിയില്‍ വോട്ടെടുപ്പു നീട്ടിവച്ചതിനുശേഷമാണ് അഞ്ചുലക്ഷത്തിലേറെ പിടികൂടിയത്-കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഡിഎംകെ, അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികളുടെ വസതികള്‍ അധികൃതര്‍ റെയ്ഡ് ചെയ്യുന്നതിനു മുമ്പു തന്നെ വോട്ടര്‍മാര്‍ക്ക് വന്‍ തുക വിതരണം ചെയ്തതായി അരവാകുറിശ്ശിയിലെ പിഎംകെ സ്ഥാനാര്‍ഥി എം ഭാസ്‌കരന്‍ പരാതിപ്പെട്ടിരുന്നുവെന്ന് കമ്മീഷന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it