Kollam Local

രണ്ടുകിലോ കഞ്ചാവുമായി ഇടുക്കി സ്വദേശി പിടിയില്‍

കരുനാഗപ്പള്ളി:രണ്ടു കിലോഗ്രാം കഞ്ചാവുമായി ഇടുക്കി സ്വദേശിയായ യുവാവ് കരുനാഗപ്പള്ളിയില്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ഇടുക്കി ഉടുമ്പിന്‍ചോല കല്ലുപാലം വെള്ളപാറയ്ക്കല്‍ വീട്ടില്‍ അഭിജിത്ത് ജോസഫ്(20)ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം രാത്രിയില്‍ ഇടുക്കിയില്‍ നിന്നും ചവറ, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ വിതരണം നടത്തുന്നതിനായി ബാഗില്‍ കൊണ്ടു വരികയായിരുന്ന കഞ്ചാവുമായി അഭിജിത്തിനെ കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയ ഇയാളെ എക്‌സൈസ് സംഘവും ഓട്ടോറിക്ഷാഡ്രൈവര്‍മാരും ചേര്‍ന്ന് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.കേരളം,ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, എന്നിവിടങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നവരുമായി ഇയാള്‍ക്ക് ബന്ധം ഉണ്ടോയെന്ന് അന്വേഷിക്കുന്നു. കേരളത്തില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള കഞ്ചാവ് കച്ചവടക്കാര്‍ക്ക് വന്‍തോതില്‍ കഞ്ചാവ് എത്തുന്നത് തമിഴ് നാട്ടിലെ തേനിയില്‍ നിന്നാണ്.ഇടുക്കി വഴിയാണ് തേനിയില്‍ നിന്നും കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത്. കൊല്ലം ജില്ലയില്‍ കഴിഞ്ഞ ഒരുമാസത്തിനിടയില്‍ പോലിസും എക്‌സൈസും വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘങ്ങളെയും ചെറുകിട കച്ചവടക്കാരെയും പടികൂടിയിരുന്നു.

ഇതേ തുടര്‍ന്ന് പോലിസിനും എക്‌സൈസും അതീവ ജാഗ്രതയോടെയാണ് നീങ്ങുന്നത്. സ്‌കൂള്‍-കോളജ്-അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിവരെ ലക്ഷ്യമാക്കിയാണ് കഞ്ചാവ് വില്‍പന നടത്തി വരുന്നത്.
ഒറീസ-ആന്ധ്രപ്രദേശ് അതിര്‍ത്തിയില്‍ വിളവെടുക്കുന്ന കഞ്ചാവ് വിശാഖപട്ടണത്തു സൂക്ഷിച്ചാണ് വില്‍പന നടത്തുന്നത്. ഒരു കിലോഗ്രം കഞ്ചാവിന് ഇവിടെ ആയിരം രൂപയാണ് വില.അത് വിശാഖപട്ടണത്തു എത്തുമ്പോള്‍ മൂവായിരം രൂപയാവും. പിന്നീട് തമിഴ്‌നാട്ടിലെ മൊത്തകച്ചവടക്കാര്‍ 15,000 രൂപ ഈടാക്കിയാണ് രണ്ടുകിലോഗ്രാമിന്റെ ഒരു പാര്‍സല്‍ കേരളത്തിലെത്തിയ്ക്കുന്നത്. ഒരു കിലോഗ്രാം കഞ്ചാവിന് കേരളത്തിലെ ചെറുകിട വിപണിയില്‍ 25,000രൂപ വിലവരും. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, ഒറീസയിലെ കൊരപാപൂട് എന്നീ ജില്ലകളില്‍ നിന്നും ട്രെയിനിലും പിന്നീട് ബസിലുമാണ് കഞ്ചാവ് തേനിയിലെത്തിക്കുന്നത്. അവിടെ രഹസ്യ കേന്ദ്രങ്ങളില്‍ സൂക്ഷിക്കുന്ന കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിക്കുന്ന സംഘം സജീവമാണ്. ഇത്തരത്തിലുള്ള സംഘത്തിലെ തമിഴ്‌നാട് സ്വദേശികളെ കരുനാഗപ്പള്ളി പോലിസ് അറസ്റ്റ്‌ചെയ്തിരുന്നു. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ അന്‍പതിനായിരത്തിലധികം രൂപ വരെ ലഭിക്കും.
Next Story

RELATED STORIES

Share it