രണ്ടാമൂഴത്തിനില്ലെന്ന് രഘുറാം രാജന്‍: അധ്യാപനത്തിലേക്കു മടങ്ങും 

മുംബൈ: വീണ്ടും റിസര്‍വ് ബാങ്ക് ഗവര്‍ണറാവാനില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. അധ്യാപനത്തിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. കാലാവധി അവസാനിക്കുന്ന സപ്തംബര്‍ നാലിനു ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഷിക്കാഗോ സര്‍വകലാശാലയിലെ ധനകാര്യ പ്രഫസറായി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും റിസര്‍വ് ബാങ്ക് ജീവനക്കാര്‍ക്കുള്ള സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഷിക്കാഗോ സര്‍വകലാശാലയില്‍ നിന്ന് അവധിയെടുത്താണ് 2013ല്‍ രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റത്.
രഘുറാം രാജന്റെ പലിശനിരക്ക് സംബന്ധിച്ച കടുത്ത നിലപാട് സാമ്പത്തികരംഗത്തെ തളര്‍ത്തുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചതോടെയാണ് രാജന്റെ രണ്ടാമൂഴം വിവാദത്തിലായത്. സ്വാമിയെക്കൂടാതെ മറ്റു ചിലരും രാജനെ വിമര്‍ശിച്ചിരുന്നു. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി മുന്‍കൂട്ടി പ്രവചിച്ച വിദഗ്ധനാണ് രാജന്‍. രാജന്‍ മാനസികമായി ഒരു പൂര്‍ണ ഇന്ത്യക്കാരനാണോയെന്നും സ്വാമി സംശയം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന് അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡുണ്ടെന്നും സ്വാമി ആരോപിച്ചു. എന്നാല്‍, സ്വാമിയുടെ ആരോപണത്തെക്കുറിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അഭിപ്രായം പറഞ്ഞിരുന്നില്ല. പുതുതായി നാമനിര്‍ദേശം ചെയ്ത എംപിയായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ വ്യക്തിപരമായ അഭിപ്രായമാണതെന്നായിരുന്നു ബിജെപി അധ്യക്ഷന്‍ അമിത്ഷാ അഭിപ്രായപ്പെട്ടത്.
2013 സപ്തംബര്‍ നാലിനാണ് അന്നത്തെ യുപിഎ സര്‍ക്കാര്‍ രാജനെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചത്. രാജ്യത്തിന് ആവശ്യം വരുമ്പോള്‍ താന്‍ സേവനത്തിന് തയ്യാറാവുമെന്നും ജീവനക്കാര്‍ക്കയച്ച സന്ദേശത്തില്‍ രാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും ബാങ്കുകളുടെ പ്രവര്‍ത്തന നടപടികള്‍ പരിഷ്‌കരിക്കുന്നതിനും രാജന്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. രാജന്റെ പിന്‍വാങ്ങല്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 1992നു ശേഷം അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കാതെ സ്ഥാനമൊഴിയുന്ന ആദ്യത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കും രഘുറാം രാജന്‍. ഇന്ത്യയുടെ 23ാമത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറാണ് രാജന്‍.
Next Story

RELATED STORIES

Share it