രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം: ബാലാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി

തിരുവനന്തപുരം: വലിയതുറയില്‍ സഹോദരങ്ങള്‍ക്ക് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലിസിനോടും ശിശു സംരക്ഷണ ഓഫിസറോടും ബാലാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി. ഏഴു ദിവസത്തിനകം റിപോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യം. മര്‍ദ്ദനമേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കുട്ടിയെ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭ കോശിയും കമ്മീഷനംഗം ഫാ. ഫിലിപ്പ് പാറയ്ക്കാട്ടും സന്ദര്‍ശിച്ചു.
രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന ഒമ്പത് വയസ്സുകാരനെയും അമ്മയേയുംകണ്ട് ഇരുവരോടും വിശദമായി സംസാരിച്ചതിനുശേഷമാണ് കമ്മീഷന്‍ റിപോര്‍ട്ട് തേടിയത്. ജില്ലാ പോലിസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ നോട്ടീസയച്ചു. കുട്ടിയുടെ പരിക്കും തുടര്‍ചികില്‍സയും സംബന്ധിച്ച റിപോര്‍ട്ട് നല്‍കണമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോടും നിര്‍ദേശിച്ചു.
കുട്ടി ആശുപത്രി വിട്ടാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കു മുമ്പില്‍ ഹാജരാക്കും. തുടര്‍ന്ന് കുട്ടികളുടെയും അമ്മയുടെയും കാര്യത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാവും തീരുമാനമെടുക്കുക. മര്‍ദ്ദനമേറ്റ മൂത്ത കുട്ടി ഇപ്പോള്‍ ശ്രീചിത്ര പുവര്‍ ഹോമിലാണ്.
അതേസമയം, കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചശേഷം ഒളിവില്‍ പോയ രണ്ടാനച്ഛന്‍ കണ്ണന്‍ എന്ന് വിളിക്കുന്ന അരുണിനെ അറസ്റ്റ് ചെയ്യാന്‍ ഇനിയും സാധിച്ചിട്ടില്ല. മൂന്ന് ടീമായി തിരിഞ്ഞ് പോലിസ് സംഘം ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ബന്ധുവീടുകളില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെപ്പറ്റി വിവരം ലഭിച്ചില്ല. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റിലെ വകുപ്പുകള്‍ ഉള്‍െപ്പടെയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it