World

രണ്ടാം സ്വാതന്ത്ര്യ ഹിതപരിശോധനയ്ക്ക് സ്‌കോട്ട്‌ലന്‍ഡ് കാബിനറ്റ് അനുമതി

എഡിന്‍ബര്‍ഗ്: സ്‌കോട്ട്‌ലന്‍ഡ് യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന ആവശ്യത്തിനു പിന്തുണ ലഭിക്കാന്‍ ഇയു അംഗരാജ്യങ്ങളില്‍ സമ്മര്‍ദ്ദം പ്രയോഗിക്കുമെന്നു പ്രഥമമന്ത്രി നികോള സ്റ്റര്‍ജിയന്‍. വിഷയം ചര്‍ച്ചചെയ്യുന്നതിനായി സ്‌കോട്ട്‌ലന്‍ഡില്‍ നിന്നുള്ള ഇയു നയതന്ത്ര ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തുമെന്ന് അവര്‍ അറിയിച്ചു.
രണ്ടാഴ്ചയ്ക്കുള്ളില്‍ തലസ്ഥാനം എഡിന്‍ബര്‍ഗിലാവും യോഗം ചേരുക. ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ 38നെതിരേ 62 ശതമാനം വോട്ടുകളോടെ സ്‌കോട്ട്‌ലന്‍ഡ് യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതിനെ പിന്തുണച്ചിരുന്നു. എന്നാല്‍, ബ്രിട്ടന്റെ ആകെ വിധിയെഴുത്ത് നേര്‍വിപരീതമായതിനാല്‍ യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള തീരുമാനം സ്‌കോട്ട്‌ലന്‍ഡും അംഗീകരിക്കേണ്ടി വന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ബ്രിട്ടിഷ് സര്‍ക്കാരിനെതിരേ പ്രതിരോധത്തിനായി യൂറോപ്യന്‍ യൂനിയനെ സമീപിക്കാനുള്ള തീരുമാനത്തിലേക്ക് സ്‌കോട്ടിഷ് ഭരണനേതൃത്വം എത്തിച്ചേര്‍ന്നത്. യൂറോപ്യന്‍ യൂനിയനുമായുള്ള സ്‌കോട്ട്‌ലന്‍ഡിന്റെ ബന്ധം സംരക്ഷിക്കാനാവശ്യപ്പെട്ട് യൂറോപ്യന്‍ കമ്മീഷനുമായി ചര്‍ച്ച ആരംഭിക്കുമെന്ന് പ്രഥമ മന്ത്രി അറിയിച്ചു.
യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ നിന്ന് സ്‌കോട്ട്‌ലന്‍ഡിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നുവെന്നും പ്രഥമമന്ത്രി പറഞ്ഞു. ഹിതപരിശോധനാഫലത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍. ഇയുവുമായും അംഗരാജ്യങ്ങളുമായും ചര്‍ച്ചകളാരംഭിക്കുന്നതിന് കാബിനറ്റിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. സ്‌കോട്ട്‌ലന്‍ഡിന്റെ സ്വാതന്ത്ര്യത്തിനായി വീണ്ടുമൊരു ഹിതപരിശോധനയ്ക്ക് തയ്യാറെടുക്കുന്നതിനുള്ള തന്റെ നിര്‍ദേശത്തിനു കാബിനറ്റ് പിന്തുണ നല്‍കിയതായും സ്റ്റര്‍ജിയന്‍ അറിയിച്ചു.
പുതിയ സ്വാതന്ത്ര്യ ഹിതപരിശോധനയെന്ന സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇതിനായി നിയമനിര്‍മാണത്തിന് നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. 2014ല്‍ ബ്രിട്ടനില്‍ നിന്ന് പുറത്തുപോവുന്നതുമായി ബന്ധപ്പെട്ട് സ്‌കോട്ട്‌ലന്‍ഡ് ഹിതപരിശോധന നടത്തിയിരുന്നു. ബ്രിട്ടനില്‍ തുടരുന്നതിനനുകൂലമായിരുന്നു ഹിതപരിശോധനാഫലം. സാഹചര്യങ്ങളില്‍ മാറ്റം വന്നാല്‍ വീണ്ടുമൊരു ഹിതപരിശോധന പരിഗണിക്കുമെന്ന് മെയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സ്‌കോട്ടിഷ് നാഷനലിസ്റ്റ് പാര്‍ട്ടി (എസ്എന്‍പി) പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം, സ്റ്റര്‍ജിയന്റെ പ്രസ്താവനയെക്കുറിച്ച് യൂറോപ്യന്‍ കമ്മീഷന്‍ വക്താവിനോടാരാഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചതായി ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്തു.
ചര്‍ച്ചയ്ക്കായി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ചുള്ള പ്രതികരണമുണ്ടാവുമെന്നും എന്നാല്‍ സംഭവിക്കാത്ത കാര്യത്തെക്കുറിച്ച് അഭിപ്രായപ്പെടാനാവില്ലെന്നുമായിരുന്നു വക്താവ് പറഞ്ഞത്.
Next Story

RELATED STORIES

Share it