Sports

രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍

രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍
X
Wayne-Rooney-reacts-to-anotപാരിസ്: കിരീടഫേവറിറ്റുകളെന്ന വിശേഷണത്തോടെ യൂറോ കപ്പിനെത്തിയ മുന്‍ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം രണ്ടാം സ്ഥാനക്കാരായി. ഗ്രൂപ്പ് ബിയിലെ മൂന്നാം റൗണ്ട് മല്‍സരത്തില്‍ സ്ലൊവാക്യയോട് അപ്രതീക്ഷിത സമനില വഴങ്ങിയതാണ് ഇംഗ്ലണ്ടിന് വിനയായത്. മല്‍സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സ്ലൊവാക്യയോട് ഇംഗ്ലണ്ട് ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു. ഇതോടെ ഗ്രൂപ്പിലെ ഒന്നംസ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലെത്തുകയെന്ന മോഹവും ഇംഗ്ലണ്ടില്‍ നിന്ന് അകലുകയായിരുന്നു. റഷ്യയെ തോല്‍പ്പിച്ച് വെയ്ല്‍സാണ് ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലെത്തിയത്. ഇംഗ്ലണ്ടിനെ സമനിലയില്‍ കുരുക്കിയ സ്ലൊവാക്യ പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തുകയും ചെയ്തു. മൂന്നു മല്‍സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയും ഉള്‍പ്പെടെ അഞ്ച് പോയിന്റാണ് ഇംഗ്ലണ്ടിന്റെ സമ്പാദ്യം. സ്ലൊവാക്യക്കു പുറമേ റഷ്യയോടും സമനില വഴങ്ങിയ ഇംഗ്ലണ്ടിന്റെ ജയം ശക്തരായ വെയ്ല്‍സിനെതിരേയായിരുന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്ന് ഓരോ വീതം ജയവും സമനിലയും തോല്‍വിയും ഉള്‍പ്പെടെ നാല് പോയിന്റാണ് സ്ലൊവാക്യയുടെ അക്കൗണ്ടിലുള്ളത്.വെയ്ല്‍സിനെതിരേ കളിച്ച ടീമില്‍ ആറ് മാറ്റങ്ങള്‍ വരുത്തി ഇറങ്ങാനുള്ള ഇംഗ്ലണ്ട് കോച്ച് റോയ് ഹോഡ്‌സന്റെ തീരുമാനം പാളുകയായിരുന്നു. ഇതില്‍ ക്യാപ്റ്റന്‍ വെയ്ന്‍ റൂണിക്കും ഹോഡ്‌സന്‍ ആദ്യ ഇലവനില്‍ ഇടം നല്‍കിയിരുന്നില്ല. റൂണിക്കു പുറമേ റഹീം സ്റ്റെര്‍ലിങ്, കെയ്ല്‍ വാള്‍ട്ടര്‍, ഹാരി കെയ്ന്‍ എന്നീ പ്രമുഖരെയും ഹോഡ്‌സന്‍ ആദ്യ ഇലവനില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 56ാം മിനിറ്റിലാണ് ക്യാപ്റ്റന്‍ കൂടിയായ റൂണിയെ ഇംഗ്ലണ്ട് പകരക്കാരന്റെ റോളില്‍ കളത്തിലിറക്കിയത്. കളിയില്‍ പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ ഇംഗ്ലണ്ട് ഗോളിന് അരഡസനോളം സുവര്‍ണാവസരങ്ങളാണ് ലഭിച്ചത്. എന്നാല്‍,  സ്ലൊവാക്യന്‍ ഗോള്‍കീപ്പര്‍ മാറ്റുസ് കൊസാക്കിക്കിന്റെ മിന്നുന്ന സേവുകള്‍ ഇംഗ്ലണ്ടിന് ഗോള്‍ നിഷേധിക്കുകയായിരുന്നു. കളിയുടെ 18ാം മിനിറ്റില്‍ ജാമി വാര്‍ഡിയിലൂടെ ഇംഗ്ലണ്ട് ഗോളിനായി ഷോട്ടുതീര്‍ത്തു. എന്നാല്‍, വാര്‍ഡിയുടെ ഷോട്ട് മികച്ചൊരു സേവിലൂടെ സ്ലൊവാക്യന്‍ ഗോള്‍കീപ്പര്‍ നിഷ്പ്രഭമാക്കി. 33ാം മിനിറ്റില്‍ ആദം ലല്ലാനയുടെ പവര്‍ ഷോട്ട് കൊസാക്കിക്ക് തകര്‍പ്പന്‍ സേവിലൂടെ കൈകളിലൊതുക്കി. 44ാം മിനിറ്റില്‍ ഗോളിനുള്ള ജോര്‍ദന്‍ ഹെന്‍ഡേഴ്‌സന്റെ ശ്രമം സ്ലൊവാക്യന്‍ പ്രതിരോധനിര തകര്‍ത്തു. രണ്ടാംപകുതിയുടെ തുടക്കത്തിലും കൊസാക്കിക്കിന്റെ ഇടപെടലുകള്‍ ഇംഗ്ലണ്ടിനെ ഗോള്‍ നേടുന്നതില്‍ നിന്ന് തഴഞ്ഞു കൊണ്ടിരുന്നു. 55ാം മിനിറ്റില്‍ സ്ലൊവാക്യക്ക് ഗോളിനുള്ള സുവര്‍ണാവസരം ലഭിച്ചു. കോര്‍ണറിനൊടുവില്‍ ബോക്‌സിന് ആറ് വാര അകലെനിന്ന് വിദിമിര്‍വെയ്‌സ് തൊടുത്ത ഷോട്ട് ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ട് മികച്ച സേവിലൂടെ പരാജയപ്പെടുത്തുകയായിരുന്നു. പിന്നീട് റൂണിയെത്തിയെങ്കിലും പ്രതീക്ഷ പ്രകടനം താരത്തിന് പുറത്തെടുക്കാനായില്ല.
Next Story

RELATED STORIES

Share it