രണ്ടാം സത്യവാങ്മൂലത്തില്‍ തെറ്റില്ല; ഇശ്‌റത് ജഹാന്‍ ഭീകരവാദിയാണെന്ന് തെളിവില്ല: ചിദംബരം

മുംബൈ: ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇശ്‌റത് ജഹാന്‍ ഭീകരപ്രവര്‍ത്തകയായിരുന്നുവെന്നതിന് ഒരു തെളിവുമില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം ആവര്‍ത്തിച്ചു. ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ചില ഫയലുകള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ചിദംബരം തന്റെ നിലപാട് ആവര്‍ത്തിച്ചത്.
കേസില്‍ രണ്ടാം സത്യവാങ്മൂലം സമര്‍പ്പിച്ചതില്‍ ധാര്‍മികമായും രാഷ്ട്രീയമായും സദാചാരപരമായും യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജ ഏറ്റുമുട്ടലിലാണ് ഇശ്‌റത് ജഹാന്‍ മരിച്ചതെന്ന് അഹ്മദാബാദ് മെട്രോപോളിറ്റന്‍ ജഡ്ജി എസ് പി തമാങ്ങ് 2009 സപ്തംബറില്‍ റിപോര്‍ട്ട് സമര്‍പ്പിച്ച ശേഷമാണ് രണ്ടാമത്തെ സത്യവാങ്മൂലം ഫയല്‍ ചെയ്തതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കൊല്ലപ്പെട്ട ഇശ്‌റത് ജഹാനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നെന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ നേരത്തെ പോലിസ് കൊണ്ടുവച്ചതാണെന്നും പ്രത്യേക അന്വേഷണ സംഘവും സിബിഐയും നടത്തിയ അന്വേഷണത്തിലും വ്യക്തമായതാണ്.
വ്യാജ ഏറ്റുമുട്ടലാണു നടന്നത്. കൊല്ലപ്പെട്ടത് രണ്ടു മൂന്നു ദിവസം മുമ്പ് കസ്റ്റഡിയിലെടുത്തവരാണ്. കാറിലിരിക്കുമ്പോള്‍ അര്‍ധരാത്രിയിലാണ് കൊല നടത്തിയത്. ഇതെല്ലാം മഹാരാഷ്ട്ര കോടതിയിലെ ജഡ്ജിയുടെ കണ്ടെത്തലാണെന്നും ചിദംബരം വിശദമാക്കി.
അഞ്ചോ ആറോ ഖണ്ഡികയിലാണ് രണ്ടാമത്തെ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നും ഒന്നാമത്തെ സത്യവാങ്മൂലം പിന്‍വലിച്ചിട്ടില്ലെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ടാണ് രണ്ടാമത്തെ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന് അഞ്ചാമത്തെ ഖണ്ഡികയില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇതിനിടെ, കേസിലെ കാണാതായ ഫയലുകളെക്കുറിച്ച് ഐഎഎസ് ഓഫിസര്‍മാര്‍ ഏകാംഗ കമ്മീഷന്‍ മുമ്പാകെ ഹാജരായി വിശദീകരണം നല്‍കി. മുന്‍ ഐഎഎസ് ഓഫിസര്‍ ദേവര കോണ്‍ഡ ദീപ്തിവിലാസ, ഐഎഎസ് ഓഫിസര്‍മാരായ ധാമേന്ദ്ര ശര്‍മ, രാഗേഷ് സിങ് എന്നിവരാണ് അഡീഷണല്‍ സെക്രട്ടറി ബി കെ പ്രസാദ് മുമ്പാകെ മൊഴി രേഖപ്പെടുത്തിയത്.
Next Story

RELATED STORIES

Share it