kannur local

രണ്ടാം റീച്ചിന് ചീഫ് ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകാരം

ഇരിട്ടി: കെഎസ്ടിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോകബാങ്ക് സഹായത്തോടെ നവീകരിക്കുന്ന തലശ്ശേരി- വളവുപാറ അന്തര്‍ സംസ്ഥാന പാതയുടെ നിര്‍മാണത്തിലെ അനിശ്ചിതത്വം നീങ്ങുന്നു. 54കിലോമീറ്റല്‍ വരുന്ന റോഡിന്റെ കളറോഡ് പാലം മുതല്‍ കൂട്ടുപുഴ വരെയുള്ള ഭാഗത്തിന്റെ നവീകരണം അനിശ്ചിതത്വത്തിലായിരുന്നു.
ഇരിട്ടി, കൂട്ടുപുഴ ഉള്‍പ്പെടെ നാലുപാലങ്ങളും 26കിലോമീറ്റര്‍ റോഡും ഉള്‍പ്പെടുന്ന ഭാഗത്തിന് എസ്റ്റിമേറ്റ് തുകയേക്കാള്‍ 28ശതമാനം തുക അധികം ടെന്‍ഡര്‍ ചെയ്തതിനെതുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് ഇപ്പോള്‍ പരിഹരിക്കപ്പെട്ടത്. ടെന്‍ഡറിന് ചീഫ് ടെകിനിക്കല്‍ കമ്മിറ്റി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. ധനകാര്യമന്ത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പ്രത്യേകാനുമതി നല്‍കിയതോടെ ലോകബാങ്കിന്റെ അനുമതി ലഭിക്കും.
ഇകെകെ കണ്‍ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണം ഏറ്റെടുക്കുക. എസ്റ്റിമേറ്റ് തുകയേക്കാള്‍ 28ശതമാനം തുക അധികം ടെന്‍ഡര്‍ ചെയ്തതിനെതുടര്‍ന്ന് ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രവൃത്തിക്ക് അനുമതി നിക്ഷേധിച്ചിരുന്നു. അടങ്കല്‍ സംബനധിച്ച് നിലവിലുള്ള ലോക്കല്‍ മാര്‍ക്കറ്റ് വില പരിശോധിക്കാനായിരുന്നു ചീഫ് ടെക്‌നിക്കല്‍ കമ്മിറ്റിയെചുമതലപ്പെടുത്തിയത്. കമ്മിറ്റിയുടെ പരിശോധനയില്‍ ലോക്കല്‍ മാര്‍ക്കറ്റിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ടെന്‍ഡര്‍ വിളിച്ചതെന്ന് കണ്ടെത്തി.
തലശ്ശേരി മുതല്‍ കളറോഡ് വരെയുള്ള മൂന്നു പാലങ്ങളുടെയും 28കിലോമീറ്റര്‍ റോഡിന്റെയും നിര്‍മാണം 156കോടിക്ക് ദില്ലി ആസ്ഥാനമായ ദിനേശ് ചന്ദ്ര അഗര്‍വാള്‍ എന്നി കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്. എരഞ്ഞോളി, മെരുവമ്പായി , കറേറ്റ പാലങ്ങളാണ് ഇതോടെപ്പം പൂര്‍ത്തിയാക്കുന്നത്. പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. മെക്കാഡം ടാറിങ്ങിനുള്ള പ്ലാന്റ് ചോനാടത്ത് ഉടന്‍ സ്ഥാപിക്കും.
209കോടിയുടെ രണ്ടാം റീച്ചില്‍ ഇരിട്ടി, കൂട്ടുപുഴ എന്നീ രണ്ടുവലിയ പാലങ്ങളും കളറോഡ്, ഉളിയില്‍ പാലങ്ങളുമാണ് ഉള്‍പ്പെടുന്നത്. ഇരിട്ടി പാലത്തിന്റെ വലിപ്പമാണ് എസ്റ്റിമേറ്റ് തുക ഉയരാന്‍ ഇടയാക്കിയത്.
രണ്ടു വര്‍ഷം മുന്‍പ് മുംബൈ ആസ്ഥാനമായി എസ്ആര്‍ ഗ്രൂപ്പ് 265കോടിക്ക് പ്രവൃത്തി ഏറ്റെടുത്ത് നിര്‍മാണം ആരംഭിച്ചിരുന്നു. 2015 ഡിസംബറില്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന പ്രവൃത്തിയുടെ രണ്ടുശതമാനം പോലും പൂര്‍ത്തീകരിക്കാന്‍ കഴിയാഞ്ഞതിനാല്‍ സര്‍ക്കാര്‍ കമ്പനിയെ ഒഴിവാക്കുകയായിരുന്നു. വീണ്ടും ആഗോള ടെന്‍ഡര്‍ വിളിച്ചാണ് കരാറുകാരെ കണ്ടെത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it