രണ്ടാം മലേഗാവ് സ്‌ഫോടന കേസ്; രണ്ട് എടിഎസ് ഉദ്യോഗസ്ഥര്‍ക്ക് വാറന്റ്

ഇന്‍ഡോര്‍: രണ്ടാം മലേഗാവ് സ്‌ഫോടന കേസിലെ സാക്ഷിയെ കാണാതായതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് അറസ്റ്റ് വാറന്റ്. കേസ് അവസാനിപ്പിക്കണമെന്ന സിബിഐയുടെ അപേക്ഷ തള്ളിയാണ് മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള പ്രത്യേക സിബിഐ മജിസ്‌ട്രേറ്റ് രാഘവേന്ദ്ര സിങ് ചൗഹാന്റെ നടപടി. കേസിലെ സാക്ഷി ദിലീപ് പടിദാറിനെ കാണാതായ സംഭവത്തില്‍ മുംബൈ എടിഎസിലെ ഇന്‍സ്‌പെക്ടര്‍മാരായ രാജേന്ദ്ര ഗുലെക്കും രമേശ് മോറിക്കും പങ്കുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് സിബിഐ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അധികൃതര്‍ അനുമതി നല്‍കാത്ത പശ്ചാത്തലത്തിലാണ് കേസ് അവസാനിപ്പിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടത്. പൊതുസേവകന്‍ എന്ന നിലയില്‍ ജോലിയുടെ ഭാഗമായല്ല ഇരുവരും ആരോപിക്കപ്പെട്ട പ്രവര്‍ത്തനം ചെയ്തതെന്നും അതുകൊണ്ടുതന്നെ ഇവരെ ചോദ്യം ചെയ്യുന്നതിന് ആരുടെയും അനുമതി വേണ്ടതില്ലെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി. കുറ്റകരമായ ഗൂഢാലോചന, തട്ടിക്കൊണ്ടു പോവല്‍, തെളിവുകള്‍ കെട്ടിച്ചമക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍  ഇരുവരും ചെയ്തതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി വിലയിരുത്തി. 2008 നവംബര്‍ 10ന് രാത്രിയാണ് പടിദാറിനെ ഇന്‍ഡോറിലെ വീട്ടില്‍ നിന്നു ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് എടിഎസ് പിടികൂടിയത്. പിന്നീട് ഇയാളെ കണ്ടിട്ടില്ല. പടിദാറിന്റെ സഹോദരന്‍ രാമസ്വരൂപ് നല്‍കിയ പരാതി പരിഗണിച്ച മധ്യപ്രദേശ് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. 2008 നവംബര്‍ 18ന് ചില രേഖകള്‍ ഹാജരാക്കുന്നതിന് വേണ്ടി പടിദാറിനെ വിട്ടയച്ചിരുന്നുവെന്നും പിന്നീട് തിരിച്ചുവന്നില്ലെന്നുമാണ് എടിഎസ് വാദം.
Next Story

RELATED STORIES

Share it