thiruvananthapuram local

രണ്ടാംവട്ട മല്‍സരത്തിനൊരുങ്ങി ചിറയിന്‍കീഴ് മണ്ഡലം;  സീറ്റ് നിലനിര്‍ത്താനും പിടിച്ചെടുക്കാനും കച്ചകെട്ടി മുന്നണികള്‍

തിരുവനന്തപുരം: പട്ടികജാതി സംവരണ മണ്ഡലമായ ചിറയിന്‍കീഴ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത് രണ്ടാംവട്ട നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം. 2011ലെ മണ്ഡല പുനര്‍വിഭജനത്തില്‍ രൂപംകൊണ്ട ചിറയിന്‍കീഴ് തിരഞ്ഞെടുപ്പില്‍ രണ്ടാംവട്ട പോരാട്ടത്തിന് ഇറങ്ങുമ്പോ ള്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ എല്‍ഡിഎഫും, സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭരണത്തുടര്‍ച്ച പൂര്‍ത്തിയാക്കാ ന്‍ യുഡിഎഫും ഏറ്റുമുട്ടുന്നു. പട്ടികജാതിക്കാര്‍ ശതമാനത്തില്‍ കൂടുതലുള്ള മണ്ഡലത്തില്‍ തീരദേശവോട്ടും ന്യൂനപക്ഷ വോട്ടുമാണ് വിധി നിര്‍ണയിക്കുന്നത്.
ചിറയിന്‍കീഴ് മണ്ഡലത്തിലെ കന്നിപ്പോരാട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ വി ശശിയാണ് വിജയക്കൊടി പാറിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസ്സിലെ കെ വിദ്യാധരനെ 12,225 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്‍പിച്ചത്. ആകെ പോള്‍ ചെയ്ത 11,2603 വോട്ടുകളില്‍ 59,601 വോട്ടാണ് വി ശശിക്ക് ലഭിച്ചത്. വിദ്യാധരന് ലഭിച്ചത് 47,376 വോട്ടാണ്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഐത്തിയൂര്‍ സുരേന്ദ്രന്‍ നേടിയത് 2078 വോട്ടായിരുന്നു. മണ്ഡലത്തില്‍ മല്‍സരിച്ച മറ്റൊരു സ്ഥാനാര്‍ഥി ബിഎസ്പിയിലെ അനില്‍ മംഗലപുരത്തിന് 1414 വോട്ടും ലഭിച്ചു.
ആറ്റിങ്ങല്‍, കഴക്കൂട്ടം, പഴയ കിളിമാനൂര്‍ നിയോജകമണ്ഡലങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റിയ പഞ്ചായത്തുകള്‍ ചേര്‍ത്തായിരുന്നു ചിറയിന്‍കീഴ് മണ്ഡലം രൂപീകരിച്ചത്. ആറ്റിങ്ങല്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ്, ചിറയിന്‍കീഴ്, കിഴുവിലം, അഴൂര്‍ പഞ്ചായത്തുകളും കിളിമാനൂരിന്റെ ഭാഗമായിരുന്ന മുദാക്കലും കഴക്കൂട്ടം മണ്ഡലത്തിലായിരുന്ന കഠിനംകുളം, മംഗലപുരം പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് ചിറയിന്‍കീഴ് നിയമസഭാ മണ്ഡലം. എട്ടില്‍ അഞ്ചു പഞ്ചായത്തുകള്‍ ഇടതുമുന്നണിയോടൊപ്പമാണ്. കടയ്ക്കാവൂര്‍, അഴൂര്‍, കഠിനംകുളം, മംഗലപുരം, ചിറയിന്‍കീഴ് പഞ്ചായത്തുകളാണ് എല്‍ഡിഎഫിനുള്ളത്. അഞ്ചുതെങ്ങ്, കിഴുവിലം, മുദാക്കല്‍ പഞ്ചായത്തുകളില്‍ യുഡിഎഫും. ആറ്റിങ്ങല്‍ ഭാഗത്തുള്ള കിഴുവിലത്ത് ഇരുമുന്നണികളും തുല്യപ്രാതിനിധ്യം വന്നതോടെ നറുക്കെടുപ്പാണ് പഞ്ചായത്ത് ഭരണത്തെ നിര്‍ണയിച്ചത്.
എട്ടു പഞ്ചായത്തുകളിലും കൂടി ആകെയുള്ള 149 വാര്‍ഡുകളില്‍ 71 വാര്‍ഡുകള്‍ എല്‍ഡിഎഫും 66 വാര്‍ഡുകളില്‍ യുഡിഎഫും എട്ടിടത്ത് ബിജെപിയും നാലിടത്ത് സ്വതന്ത്രരുമാണ് ഭരിക്കുന്നത്. 15 കിലോമീറ്ററിലധികം തീരദേശമേഖല മണ്ഡലത്തിന്റെ പ്രത്യേകതയാണ്. കയര്‍ മേഖലയെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികളും മല്‍സ്യബന്ധനം ഉപജീവനമാക്കിയിട്ടുള്ള അനേകം തൊഴിലാളികളുമാണ് മണ്ഡലത്തിലെ ഭൂരിഭാഗം വോട്ടര്‍മാരും.
ഇത്തവണ ശക്തമായ പ്രചാരണമാണ് മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ഥികളും മണ്ഡലത്തില്‍ കാഴ്ചവയ്ക്കുന്നത്. എല്‍ഡിഎഫ് മല്‍സരരംഗത്തിറക്കുന്നത് സിറ്റിങ് എംഎല്‍എയായ വി ശശിയെ തന്നെയാണ്. അഞ്ചു വര്‍ഷം കൊണ്ട് മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ടു നിരത്തിയാണ് വി ശശി രണ്ടാംവട്ടവും വോട്ട് അഭ്യര്‍ഥിക്കുന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസ്സിലെ കെ എസ് അജിത്കുമാര്‍ പ്രചാരണത്തിന്റെ ഒന്നാംഘട്ടത്തിലാണ്. കുടിവെള്ള ക്ഷാമം, അടിസ്ഥാന സൗകര്യ വികസനമില്ലായ്മ തുടങ്ങിയ ജനകീയ പ്രശ്‌നങ്ങള്‍ വോട്ടാക്കി മാറ്റാമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട ചിറയിന്‍കീഴ് മണ്ഡലത്തിന്റെ വികസന മുരടിപ്പാണ് എന്‍ഡിഎ പ്രചാരണായുധമാക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് ബിജെപി നേതാവ് ഡോ. പി പി വാവയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിയിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it