രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്നു നടക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണു ഇന്ന് വോട്ടെടുപ്പു നടക്കുന്നത്. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. 2010ല്‍ 77.30 ശതമാനം പോളിങാണു രണ്ടാംഘട്ടത്തില്‍ രേഖപ്പെടുത്തിയിരുന്നത്. ശനിയാഴ്ച വോട്ടെണ്ണും.
ഏഴു ജില്ലകളിലെ 1,39,97,529 വോട്ടര്‍മാര്‍ ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കും. ഇതില്‍ കൂടുതലും സ്ത്രീകളാണ്. പത്തനംതിട്ട-70.54%, കോട്ടയം-75.85%, ആലപ്പുഴ-79.41%, തൃശൂര്‍-74.91%, എറണാകുളം-79.42%, മലപ്പുറം-78.72% എന്നിങ്ങനെയായിരുന്നു 2010ലെ പോളിങ് നില. ഒന്നാംഘട്ട വോട്ടെടുപ്പിലുണ്ടായ കനത്ത പോളിങ് രണ്ടാംഘട്ടത്തിലുമുണ്ടാവുമെന്ന പ്രതീക്ഷയിലാണു രാഷ്ട്രീയകക്ഷികള്‍.
പോളിങിനു വേണ്ടി ഏഴു ജില്ലകളിലായി 19,328 പോളിങ് സ്‌റ്റേഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് തടയാന്‍ ശക്തമായ നിരീക്ഷണസംവിധാനം ഒരുക്കിയിട്ടുണ്ട്. വെബ്കാസ്റ്റിങ്, വീഡിയോ ചിത്രീകരണ സംവിധാനങ്ങള്‍ സജീവമായുണ്ടാവും. ബൂത്തുകളില്‍ നിയമവിരുദ്ധമായി പെരുമാറുന്നവരെ തദ്‌സമയം നിരീക്ഷിക്കാനും തുടര്‍നടപടി സ്വീകരിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംവിധാനം പ്രയോജനപ്പെട്ടിട്ടുണ്ട്. കമ്മീഷന്‍ ശേഖരിക്കുന്ന വീഡിയോദൃശ്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്. വിവിധ ജില്ലകളിലായി 186 പ്രശ്‌നബാധിത ബൂത്തുകളിലാണ് വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആലപ്പുഴ-20, കോട്ടയം-15, എറണാകുളം-48, തൃശൂര്‍-43, പാലക്കാട്-42, മലപ്പുറം-18 എന്നിങ്ങനെയാണ് വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുന്ന ബൂത്തുകളുടെ എണ്ണം. ബൂത്തുകളില്‍ ഇതിനായി കംപ്യൂട്ടര്‍ ഓപറേറ്റര്‍, ലാപ്‌ടോപ്പ്, വെബ്കാം എന്നിവ സജ്ജീകരിക്കുന്നതിന്റെ ചുമതല അക്ഷയ ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍ക്കാണ്.
സംസ്ഥാനതലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍, പോലിസ് മേധാവി, കേരള സ്റ്റേറ്റ് ഐടി മിഷന്‍, ജില്ലാതലത്തില്‍ ജില്ലാ ഇലക്ഷന്‍ ഓഫിസര്‍, ജില്ലാ പോലിസ് മേധാവി (റൂറല്‍, സിറ്റി) എന്നിവര്‍ക്ക് വെബ്കാസ്റ്റിങ് വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ടെന്ന് കമ്മീഷണര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it