thiruvananthapuram local

രണ്ടാംഘട്ടം നഷ്ടപരിഹാരം നല്‍കാന്‍ പണമില്ല; അടിയന്തര നടപടി വേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതയില്‍ രണ്ടാം ഘട്ട വികസനമായ പ്രാവച്ചമ്പലം വഴിമുക്ക് ഭാഗത്തെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ണമായും സ്തംഭിച്ചതില്‍ ശക്തമായ പ്രതിഷേധവുമായി ദേശീയപാത വികസന ആക്ഷന്‍ കൗണ്‍സില്‍.
പ്രാവച്ചമ്പലം മുതല്‍ ബാലരാമപുരം കൊടിനട വരെയുള്ള ഭൂമി ഏറ്റെടുക്കലിന് 266 കോടി അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയെങ്കിലും 50 കോടി രൂപ മാത്രമേ വിതരണത്തിനായി നല്‍കിയുള്ളൂ. ബാക്കി തുക നല്‍കാന്‍ കഴിയാത്തതിനാല്‍ കഴിഞ്ഞ ആറു മാസമായി ഭൂമി വിട്ടുനല്‍കുകയും പ്രമാണം ഉള്‍െപ്പടെയുള്ള രേഖകള്‍ കൈമാറി കാത്തിരിക്കുകയും ചെയ്യുന്ന ഭൂവുടമകള്‍ വെട്ടിലായി. ഇക്കാര്യത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും മുഴുവന്‍ ഭൂവുടമകള്‍ക്കും നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്ര കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഒന്നാം ഘട്ടം വികസനം പൂര്‍ത്തിയായ കരമന മുതല്‍ പ്രാവച്ചമ്പലം വരെയുള്ള റോഡില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ അപകടങ്ങള്‍ വര്‍ധിച്ച് റോഡ് ചോരക്കളമായി മാറിയ സാഹചര്യത്തില്‍ സിഗ്നലിങ് സംവിധാനം ഉള്‍പ്പെടെ ഉടന്‍ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കരമന-കളിയിക്കാവിള ദേശീയപാതയുടെ വികസന പൂര്‍ത്തീകരണം എന്ന വിഷയത്തില്‍ കാട്ടാക്കട, കോവളം, നെയ്യാറ്റിന്‍കര, പാറശാല എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പങ്കെടുപ്പിച്ച് ഈ മാസം 25ന് ഉച്ചയ്ക്ക് 3ന് ബാലരാമപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സെമിനാര്‍ സംഘടിപ്പിക്കാനും ആക്ഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. എ എസ് മോഹന്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി എസ് കെ ജയകുമാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.
രക്ഷാധികാരി ആര്‍ എസ് ശശികുമാര്‍, ഭാരവാഹികളായ മണ്ണാങ്കല്‍ രാമചന്ദ്രന്‍, സി വി ഗോപാലകൃഷ്ണന്‍ നായര്‍, എസ് എസ് ലളിത്, നേമം ജബ്ബാര്‍, കെ പി ഭാസ്‌കരന്‍, എന്‍ ആര്‍ സി നായര്‍, എ എം ഹസന്‍, എം രവീന്ദ്രന്‍, അഡ്വ. അനിരുദ്ധന്‍ നായര്‍, അനുപമ രവീന്ദ്രന്‍, വി എസ് ജയറാം, ആര്‍ ജി അരുണ്‍ ദേവ് സംസാരിച്ചു.
Next Story

RELATED STORIES

Share it