kozhikode local

രണ്ടര ലക്ഷം ഉത്തരക്കടലാസുകള്‍ വരാന്തയില്‍ കൂട്ടിയിട്ട നിലയില്‍

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാംപസിലെ പഴയ ഫിലോസഫി പഠന വകുപ്പിന്റെ വരാന്തയില്‍ രണ്ടരലക്ഷത്തോളം ഉത്തരക്കടലാസുകള്‍ ആര്‍ക്കും വേണ്ടാത്ത രീതിയില്‍ കൂട്ടിയിട്ട നിലയില്‍. വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ പരീക്ഷാഭവന്‍ നാലു വര്‍ഷമായി പഴയ ഫിലോസഫി പഠന വകുപ്പ് കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. യാതൊരു സൗകര്യവുമില്ലാത്ത ഈ കെട്ടിടത്തില്‍ എണ്‍പതോളം ജീവനക്കാര്‍ക്ക് നിന്നു തിരിയാന്‍ തന്നെ സ്ഥലമില്ല. ഇതിനിടയിലാണ് കഷ്ടപ്പെട്ട് പരീക്ഷ എഴുതിയവരുടെ രണ്ടര ലക്ഷത്തോളം ഉത്തരക്കടലാസുകള്‍വരാന്തയുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്നത്.
വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ പഴയ കെട്ടിടത്തില്‍ നിയമപഠന വകുപ്പിന് ക്ലാസുകള്‍ തുടങ്ങേണ്ടതിനാല്‍ ഇവിടെ എസ്ഡിഇക്കാരുടെ പരീക്ഷാഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടു നല്‍കാന്‍ അധികൃതര്‍ തയ്യാറല്ല. നേരത്തെ പരീക്ഷാഭവനില്‍ തന്നെയായിരുന്നു വിദൂര വിദ്യാഭ്യാസ വിഭാഗക്കാരുടെ പരീക്ഷാ കാര്യങ്ങളും ചെയ്തിരുന്നത്. പരീക്ഷ എഴുതിയവര്‍ക്കെല്ലാം ഒരേ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും നല്‍കുന്ന കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ പഠിക്കുന്നവരെ രണ്ടാം തരക്കാരായാണ് കണക്കാക്കുന്നത്.
ഒരേ സിലബസും ഒറ്റ പരീക്ഷയും എന്നതില്‍ നിന്ന് വീണ്ടും രണ്ടു പരീക്ഷ എന്നതിലേക്ക് തീരുമാനം അട്ടിമറിച്ചു. വിദൂര വിദ്യാഭ്യാസ വിഭാഗക്കാരുടെ ഉത്തരകടലാസുകള്‍ വേറെ മൂല്യ നിര്‍ണയം നടത്തുന്നതിനാല്‍ മനപൂര്‍വം ഇവര്‍ക്ക് മാര്‍ക്ക് കുറയ്ക്കാന്‍ വാഴ്‌സിറ്റി അധികാരികളുടെ സമ്മര്‍ദ്ദം മൂലം അധ്യാപകര്‍ നിര്‍ബന്ധിതരാവുന്നു. വിദൂരവിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍ തയാറാവില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ഇവരുടെ ഉത്തരകടലാസുകള്‍ പോലും നഷ്ടപ്പെടാവുന്ന രീതിയില്‍ അലക്ഷ്യമായി കുന്നു കൂട്ടിയിട്ടിരിക്കുന്നത്.
ഉത്തരകടലാസുകള്‍ ഇവിടെ നിന്ന് നഷ്ടപ്പെട്ടാലും വിവരം പുറത്തറിയിക്കാതെ കൂട്ട തോല്‍വിക്കിരയായെന്നു പറഞ്ഞ് വീണ്ടും പരീക്ഷ നടത്തുകയല്ലാതെ കഴിഞ്ഞ കാല സംഭവങ്ങളെ പോലെ മറ്റൊരു പരിഹാരത്തിനും സര്‍വകലാശാല അധികാരികള്‍ തയ്യാറാവുകയില്ല.
Next Story

RELATED STORIES

Share it