രഞ്ജി: വിജയത്തിനായി കേരളം പൊരുതുന്നു

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് സിയില്‍ ജാര്‍ഖണ്ഡിനെതിരേ കേരളത്തിന് 317 റണ്‍സ് വിജയലക്ഷ്യം. വിജയലക്ഷ്യം തേടി ബാറ്റിങിനിറങ്ങിയ കേരളം മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ ഒരു വിക്കറ്റിന് 71 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. ഒമ്പത് വിക്കറ്റ് കൈയിലിരിക്കേ ആതിഥേയര്‍ക്ക് ജയിക്കാന്‍ 246 റണ്‍സ് കൂടി വേണം.

വെളിച്ചകുറവ് മൂലം ഇന്നലെയും നേരത്തെ മല്‍സരം നിര്‍ത്തി. 21 റണ്‍സെടുത്ത വിഎ ജഗദീഷിനെയാണ് മൂന്നാംദിനം കേരളത്തിന് നഷ്ടമായത്. ഷഹബാസ് നദീം ജഗദീഷിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇന്നലെ കളിനിര്‍ത്തുമ്പോള്‍ അക്ഷയ് കോഡോത്തും (37*) രോഹന്‍ പ്രേമുമാണ് (5*) ക്രീസില്‍. ഇന്നലെ രണ്ടിന് 47 റണ്‍സെന്ന നിലയില്‍ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് പുനരാരംഭിച്ച ജാര്‍ഖണ്ഡ് 88.4 ഓവറില്‍ 262 റണ്‍സിന് പുറത്താവുകയായിരുന്നു. 58 റണ്‍സെടുത്ത ഇഷാന്ത് കിഷനാണ് രണ്ടാമിന്നിങ്‌സില്‍ ജാര്‍ഖണ്ഡിന്റെ ടോപ്‌സ്‌കോറര്‍. സൗരവ് തിവാരി (46), കൗശാല്‍ സിങ് (44), അനന്ദ് സിങ് (43) എന്നിവരും ജാര്‍ഖണ്ഡ് ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. കേരളത്തിനു വേണ്ടി കെഎസ് മോനിഷ് രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി തിളങ്ങി. നിസാര്‍ നിയാസിനും റൈഫി ഗോമസിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. ശേഷിക്കുന്ന ഒരു വിക്കറ്റ് രോഹന്‍ പ്രേം നേടി.
Next Story

RELATED STORIES

Share it