രഞ്ജി ട്രോഫി: മുംബൈയ്ക്കു 41ാം കിരീടം

പൂനെ: മുംബൈ 41ാം തവണയും രഞ്ജി ട്രോഫിയില്‍ മുത്തമിട്ടു. ഫൈനലില്‍ സൗരാഷ്ട്രയെ ഇന്നിംഗ്‌സിനും 21 റണ്‍സിനും തകര്‍ത്താണു മുംബൈ ഒരിക്കല്‍ കൂടി ഇന്ത്യന്‍ ക്രിക്കറ്റിന്റെ അമരക്കാരായത്.
സൗരാഷ്ട്രയുടെ രണ്ടാം ഇന്നിംഗ്‌സ് 115 റണ്‍സില്‍ അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ഷര്‍ദുള്‍ ഠാക്കൂറിന്റെ ഉജ്ജ്വ ബൗളിങ്ങാണ് സൗരാഷ്ട്രയെ തകര്‍ത്തത്. ബര്‍വീന്ദര്‍ സന്ധു, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി.
136 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി ഇറങ്ങിയ സൗരാഷ്ട്ര ബാറ്റിങ് നിര പരിചയ സമ്പന്നരായ മുംബൈക്കു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. സൗരാഷ്ട്രയുടെ ആറ് ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം കാണാതെ പുറത്തായത്. 27 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയാണു സൗരാഷ്ട്രയുടെ ടോപ് സ്‌കോറര്‍.
നേരത്തെ 262/8 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ മുംബൈക്കുവേണ്ടി സിദ്ദേഷ് ലാദ് നേടിയ അര്‍ധ സെഞ്ചുറിയാണു കൂറ്റന്‍ ലീഡ് സമ്മാനിച്ചത്. 88 റണ്‍സ് നേടിയ ലാദ് പത്താമതാണ് പുറത്തായത്. അവസാന വിക്കറ്റില്‍ ബല്‍വീന്ദര്‍ സന്ധുവിനൊപ്പം (34 പുറത്താകാതെ) 103 റണ്‍സ് ലാദ് കൂട്ടിച്ചേര്‍ത്തു. നാല് വിക്കറ്റ് നേടിയ ജയദേവ് ഉനദ്കട്ട് സൗരാഷ്ട്രയ്ക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു. നേരത്തെ ശ്രേയസ് അയ്യര്‍ 117 റണ്‍സ് നേടി മുംബൈയ്ക്കു മികച്ച അടിത്തറ നല്‍കിയിരുന്നു. സ്‌കോര്‍: സൗരാഷ്ട്ര ഒന്നാം ഇന്നിങ്‌സ് 235, രണ്ടാം ഇന്നിങ്‌സ് 115. മുംബൈ ഒന്നാം ഇന്നിങ്‌സ് 371. സെഞ്ചുറി നേടിയ ശ്രേയസ് അയ്യരാണ് മാന്‍ ഓഫ് ദ മാച്ച്.
Next Story

RELATED STORIES

Share it