രഞ്ജി: കിടിലന്‍ ക്ലൈമാക്‌സിലേക്ക്

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ നടക്കുന്ന രഞ്ജി ട്രോഫി ഗ്രൂപ്പ് സിയിലെ കേരള-സൗരാഷ്ട്ര മല്‍സരം ആവേശകരമായ അന്ത്യത്തിലേക്ക്. കേരളത്തിന്റെ രണ്ടാമിന്നിങ്‌സ് 105ന് അവസാനിപ്പിച്ച സൗരാഷ്ട്രയ്ക്ക് രണ്ടു ദിനം ശേഷിക്കെ ജയിക്കാന്‍ 115 റണ്‍സ് മതി. രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ സൗരാഷ്ട്ര ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെന്ന നിലയിലാണ്. ബൗളര്‍മാരുടെ ഈറ്റില്ലമായി മാറിയ പിച്ചില്‍ ഇരുടീമിനും ഇതുവരെ 200 റണ്‍സ് തികയ്ക്കാനായിട്ടില്ല. ബൗളര്‍മാരുടെ മികവില്‍ സൗരാഷ്ട്ര എറിഞ്ഞുവീഴ്ത്തി ജയം കൊയ്യാനാവും ഇനി കേരളത്തിന്റെ ശ്രമം.
കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 166 റണ്‍സ് പിന്തുടര്‍ന്ന് സൗരാഷ്ട്ര ഇന്നലെ 157 റണ്‍സിന് ആദ്യ ഇന്നിങ്‌സില്‍ പുറത്തായി. ആറു വിക്കറ്റിന് 55 റണ്‍സ് എന്ന നിലയില്‍ നിന്നും ഇന്നിങ്‌സ് പുനരാരംഭിച്ച സൗരാഷ്ട്രയെ സമര്‍ഥ് വാസിന്റെ (54*) അര്‍ധസെഞ്ച്വറിയാണ് രക്ഷിച്ചത്. ഏട്ടാം വിക്കറ്റില്‍ വ്യാസും ചിരാഗ് ജാനിയും (35) ചേര്‍ന്ന് നേടിയ 55 റണ്‍സിന്റെ കൂട്ടുകെട്ട് സൗരാഷ്ട്രയെ കരകയറ്റുകയായിരുന്നു. കേരളത്തിനുവേണ്ടി ഇടംകൈയന്‍ സ്പിന്നര്‍ എസ് കെ മോനിഷ് ആറു വിക്കറ്റ് പിഴുതു.
ഉച്ച ഭക്ഷണത്തിന് മുമ്പ് തന്നെ രണ്ടാമിന്നിങ്‌സ് ആരംഭിച്ച കേരളത്തെ ആറു വിക്കറ്റ് വീഴ്ത്തിയ ധര്‍മേന്ദ്ര ജഡേജയാണ് തകര്‍ത്തത്. പുറത്താകാതെ 32 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനാണ് കേരളത്തിന്റെ ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണടക്കം നാലു പേര്‍ക്ക് റണ്ണൊന്നുമെടുക്കാനായില്ല.
Next Story

RELATED STORIES

Share it