thrissur local

രജിസ്‌ട്രേഷന്‍ വകുപ്പുകളെ ഒരുകുടക്കീഴില്‍ അണിനിരത്തി രജിസ്‌ട്രേഷന്‍ കോംപ്ലക്‌സ്

തൃശൂര്‍: രജിസ്‌ട്രേഷന്‍ വകുപ്പിലെ ഓഫിസുകള്‍ ഒരുകുടക്കീഴില്‍ ഒന്നിയ്ക്കുന്നു. രജിസ്‌ട്രേഷന്‍ വകുപ്പ് ജില്ലാ ആസ്ഥാനം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച്ച ജില്ലാ രജിസ്‌ട്രേഷന്‍ കോംപ്ലക്‌സ് അങ്കണത്തില്‍ നടക്കും. തൃശൂര്‍ ഉത്തര മധ്യ മേഖലാ രജിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍, ജില്ലാ രജിസ്ട്രാര്‍(ജനറല്‍), ജില്ലാ രജിസ്ട്രാര്‍(ഓഡിറ്റര്‍), അമാല്‍ഗേറ്റഡ് സബ് രജിസ്ട്രാര്‍, ചിട്ടി ഓഡിറ്റര്‍, ചിട്ടി ഇന്‍സ്‌പെക്ടര്‍ എന്നീ ഓഫിസുകളാണ് പാലസ് റോഡില്‍ കേരള സാഹിത്യ അക്കാദമിയ്ക്ക് സമീപം പ്രവര്‍ത്തനം തുടങ്ങുന്നത്.

തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് രജിസ്‌ട്രേഷന്‍ കോംപ്ലക്‌സ് ഇത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കപ്പെടുന്നത്. പഴക്കം ചെന്ന് ജീര്‍ണാവസ്ഥയിലുള്ള പഴയ രജിസ്‌ട്രേഷന്‍ ഓഫിസ് കെട്ടിടം മുക്കാല്‍ ഭാഗവും പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിട സമുച്ചയം നിര്‍മിച്ചിരിക്കുന്നത്.
നിലവിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സബ് രജിസ്ട്രാര്‍ ഓഫിസ് 142 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫിസ് 1962ലും തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ 79 സബ് രജിസ്ട്രാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ട ഉത്തര- മധ്യമേഖല രജിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ ഓഫിസ് 1984ലും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
ഇതിന് പുറമേ ജില്ലാ രജിസ്ട്രാര്‍(ഓഡിറ്റ്), ചിട്ടി ഓഡിറ്റര്‍, ചിട്ടി ഇന്‍സ്‌പെക്ടര്‍ ഓഫിസുകളും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ദിനം പ്രതി ആയിരക്കണക്കിന് ജനങ്ങള്‍ വന്നുപോകുന്ന ഈ ഓഫിസുകള്‍ പരിമിത സാഹചര്യങ്ങളില്‍ കടുത്ത വെല്ലുവിളികളോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിന് ഒരു പരിഹാരം എന്ന നിലയ്ക്കാണ് രജിസ്‌ട്രേഷന്‍ കോംപ്ലക്‌സ് എന്ന ആശയം ഉടലെടുക്കുന്നത്.
ആദ്യം നിര്‍മാണം ഏറ്റെടുത്ത കരാറുകാരന്റെ അനാസ്ഥമൂലമാണ് കെട്ടിട നിര്‍മാണം ഇത്രയും വൈകിയത്. അവസാനമെത്തിയ കരാറുകാരന്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പണികള്‍ പൂര്‍ത്തിയാക്കിയത്.
ഫയലുകള്‍ സൂക്ഷിക്കുക എന്നതായിരുന്നു ഈ ഓഫിസുകള്‍ നേരിട്ടിരുന്ന പ്രധാന വെല്ലുവിളി, ജില്ലയിലെ 30 സബ് രജിസ്ട്രാര്‍ ഓഫിസുകളിലെ വാര്‍ഷിക പരിശോധന, പരാതി പരിഹാരം, മുദ്രസല നിര്‍ണയിക്കല്‍, നിയമാവലി, ചാരിറ്റബിള്‍ സൊസൈറ്റികളുടെ രജിസ്‌ട്രേഷന്‍, അവയുടെ വാര്‍ഷിക റിട്ടേണുകള്‍ ഫയല്‍ ചെയ്യല്‍, ജില്ലയിലെ ചിട്ടികള്‍ക്കുള്ള അനുമതി ഉത്തരവുകള്‍, അവയുടെ ഓഡിറ്റിംഗും പരിശോധനയും സംബന്ധിച്ച രേഖകള്‍ ഇവയെല്ലാം സൂക്ഷിക്കപ്പെട്ടിരുന്നത് ഈ പരിമിത സാഹചര്യങ്ങളിലായിരുന്നു. പുതിയ കെട്ടിടം വരുന്നതോടെ ഈ പരിമിതകള്‍ക്കാണ് അവസാനമാകുന്നത്.
മൂന്ന് നിലകളിലായി പണിതിരിക്കുന്ന കെട്ടിടത്തില്‍ ഓഫിസ് മുറികള്‍ക്ക് പുറമേ രണ്ടാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, രേഖകളും മറ്റും സുരക്ഷിതമായി സൂക്ഷിക്കുവാനായി റെക്കോര്‍ഡ് റൂം എന്നിവയുമുണ്ട്. ഓഫിസിലെത്തുന്ന പൊതുജനങ്ങള്‍ക്കായി ഇരിപ്പിടം, വിശ്രമസ്ഥലങ്ങള്‍, പാര്‍ക്കിങ് ഏരിയ എന്നിവയും സജ്ജമാണ്. രജിസ്‌ട്രേഷന്‍ വകുപ്പ് സേവനങ്ങള്‍ ഓണ്‍ലൈനായതോടെ ജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നതിനുള്ള സമയപരിധി കുറഞ്ഞതായി ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്ട്രാര്‍ എ.ജി വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ ഒന്‍പതിന് രജിസ്‌ട്രേഷന്‍ കോംപ്ലക്‌സ് അങ്കണത്തില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിര്‍വ്വഹിക്കും. തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മറ്റ് ഉദ്യോഗസ്ഥരായ ഒ എ സതീഷ്, പി കെ ബിജു, പി കെ രാജു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it