രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ വളഞ്ഞിട്ടുപിടിച്ചു: 100 പെട്ടി സ്‌ഫോടകവസ്തു പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍

ചിറ്റൂര്‍ (പാലക്കാട്): കൊഴിഞ്ഞാമ്പാറയില്‍ കാലിത്തീറ്റ ലോറിയില്‍ ആട്ടിന്‍ കാഷ്ടത്തിനിടയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 100 പെട്ടി സ്‌ഫോടക വസ്തുക്കള്‍ പോലിസ് പിടികൂടി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് ഒഴലപ്പതി ചെക്‌പോസ്റ്റിനു സമീപമാണ് സംഭവം. 98 പെട്ടികളിലായി സൂക്ഷിച്ച ജലാറ്റിന്‍ സ്റ്റിക്കുകളും 2 പെട്ടി ഇലക്ട്രോണിക് തിരികളുമാണ് പിടികൂടിയത്. ലോറി ഡ്രൈവര്‍ സേലം നാമക്കല്‍ സ്വദേശി കന്തസ്വാമി (50) യെ അറസ്റ്റ് ചെയ്തു.
കാലിത്തീറ്റയ്ക്കടിയിലാണ് സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ജില്ലാ പോലിസ് സൂപ്രണ്ട് ദബേഷ് കുമാര്‍ ബെഹ്‌റയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഒഴലപ്പതി—ക്കടുത്ത കള്ളിയമ്പാറയ്ക്കു സമീപത്തുനിന്ന് എസ്‌ഐ പ്രസാദ്, എബ്രഹാം വര്‍ഗീസ്, സഹദേവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വാഹനം പിടികൂടിയത്. വാഹനം നിര്‍ത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ പോലിസ് സംഘം വളഞ്ഞു കീഴ്‌പ്പെടുത്തുകയായിരുന്നു.
സേലത്തുള്ള പെട്രോള്‍ പമ്പിന് മുന്നില്‍ നിന്നാണ് കന്തസ്വാമിക്ക് ലോറി കൈമാറിയത്. പാലക്കാട് കല്‍മണ്ഡപത്ത് ലോറി എത്തിക്കാനായിരുന്നത്രേ നിര്‍ദേശം. പ്രതിഫലമായി 5,000 രൂപ നല്‍കിയെന്ന് കന്തസ്വാമി പോലിസിന് മൊഴി നല്‍കി. സ്‌ഫോടകവസ്തുക്കളും ലോറിയും കൊഴിഞ്ഞാമ്പാറ പോലിസ് സ്‌റ്റേഷനിലെത്തിച്ചു. വാഹനം തമിഴ്‌നാട് ചെക്ക്‌പോസ്റ്റിലും ഒഴലപ്പതി ചെക്ക്‌പോസ്റ്റിലും സീല്‍വച്ചാണ് കടത്തിവിട്ടത്.
സ്‌ഫോടകവസ്തുക്കള്‍ വയനാട്ടിലേക്ക് കൊണ്ടുപോവുന്നതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലിസ്. അതേസമയം, പാറ പൊട്ടിക്കുന്നതിനും ബോംബ് നിര്‍മാണത്തിനുമായി ഉപയോഗിക്കുന്ന ഇത്തരം സ്‌ഫോടകവസ്തുക്കള്‍ ഇതിനുമുമ്പ് അഞ്ച് വാഹനങ്ങളിലായി അതിര്‍ത്തി കടന്നതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഡ്രൈവറെയും തൊണ്ടിസാധനങ്ങളും ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it