Districts

രക്ഷപ്പെടാനാണു മണിയന്‍ പിള്ളയെ കുത്തിയതെന്ന് ആട് ആന്റണി

കൊല്ലം: പോലിസ് കസ്റ്റഡിയില്‍ നിന്നു രക്ഷപെടാന്‍ വേണ്ടിയാണ് മണിയന്‍ പിള്ളയെ കുത്തിയതെന്ന് പോലിസിന്റെ ചോദ്യംചെയ്യലില്‍ ആട് ആന്റണി സമ്മതിച്ചു. പാലക്കാട് നിന്നും ഇന്നലെ രാവിലെ മൂന്നോടെ കൊല്ലത്ത് എത്തിച്ച ആന്റണിയെ കമ്മീഷണറുടെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂര്‍ ചോദ്യംചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാളോടു ചോദിച്ചറിഞ്ഞതെന്നും മോഷണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ചോദ്യംചെയ്യുമെന്ന് കമ്മീഷണര്‍ വി പ്രകാശ് അറിയിച്ചു. കമ്മീഷണറോടൊപ്പം നാല് എസിപിമാരും ചോദ്യംചെയ്യലില്‍ പങ്കെടുത്തു. പരവൂര്‍ സിഐ വി എസ് ബിജു, പ്രത്യേക അന്വേഷണസംഘത്തിലെ എസ്‌ഐ വി ബി മുകേഷ്, എസ്‌ഐ വിജയന്‍, എഎസ്‌ഐമാരായ മോഹനന്‍ പിള്ള, വേണുഗോപാല്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ആന്റണിയെ കൊല്ലത്ത് എത്തിച്ചത്.


പോലിസ് ഡ്രൈവര്‍ മണിയന്‍പിള്ളയ്ക്ക് ഒപ്പമുണ്ടായിരുന്ന പാരിപ്പള്ളി സ്റ്റേഷനിലെ എഎസ്‌ഐ ജോയി ഇന്നലെ കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെത്തി ആട് ആന്റണിയെ തിരിച്ചറിഞ്ഞു. മണിയന്‍പിള്ളയെ കുത്തിയശേഷം തിരുവനന്തപുരത്ത് എത്തി ഭാര്യ സൂസനെയും കൂട്ടി വേളാങ്കണ്ണിക്കു പോയെന്നു ചോദ്യംചെയ്യലില്‍ ആന്റണി വ്യക്തമാക്കി. പിന്നീട് തിരുപ്പതി, ന്യൂഡല്‍ഹി, യുപി എന്നിവിടങ്ങളി ല്‍ ഒളിവില്‍ കഴിഞ്ഞ് ഇരുവരും നേപ്പാളിലേക്കു കടന്നു. അവിടെ സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ തിരികെ മഹാരാഷ്ട്രയിലെ ഷിര്‍ദിയില്‍ എത്തി. പോലിസ് പിന്തുടരുന്നുവെന്നു മനസ്സിലാക്കിയപ്പോള്‍ സൂസനെ ഉപേക്ഷിച്ച് തമിഴ്‌നാട്ടില്‍ എത്തുകയായിരുന്നു.ചോദ്യംചെയ്യലിനു ശേഷം ആന്റണിയെ പ്രാഥമിക തെളിവെടുപ്പിനായി പാരിപ്പള്ളി പോലിസ് സ്റ്റേഷനില്‍ കൊണ്ടുപോയി.


ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയശേഷം വൈകുന്നേരത്തോടെ പരവൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതിനുശേഷം പോലിസിന്റെ അപേക്ഷയെ തുടര്‍ന്ന് 12 ദിവസത്തേക്ക് ആന്റണിയെ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു. കൊലപാതകക്കേസില്‍ കൃത്യം നടന്ന സ്ഥലത്ത് കൊണ്ടുപോയി തെളിവെടുക്കലും ബാക്കി മോഷണക്കേസുകളില്‍ കൂടുതല്‍ ചോദ്യംചെയ്യലും വരുംദിവസങ്ങളിലുണ്ടാവുമെന്ന് പോലിസ് അറിയിച്ചു. മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ കഴിഞ്ഞപ്പോഴും ആട് ആന്റണി മോഷണം നടത്തി. നിലവില്‍ 27 കേസുകളാണ് ഇയാള്‍ക്കെതിരേ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊല്ലം നഗരത്തില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരുമെന്നും കൊല്ലം കമ്മീഷണര്‍ വി പ്രകാശ് പറഞ്ഞു.

Next Story

RELATED STORIES

Share it