രക്ഷകനെ കാണാന്‍ പെന്‍ഗ്വിന്‍ എത്തുന്നു; 5,000 മൈല്‍ സഞ്ചരിച്ച്

റിയോ ഡി ജനീറോ: അര്‍ജന്റീനിയന്‍ തീരത്തു നിന്നു 5,000 മൈല്‍ സഞ്ചരിച്ച് ഒരു പെന്‍ഗ്വിന്‍ രക്ഷകനെ കാണാന്‍ മുടങ്ങാതെ ബ്രസീലിലെത്തുന്നു. എട്ടു മാസത്തോളം അദ്ദേഹത്തോടൊപ്പം വീട്ടുപരിസരത്ത് താമസിച്ച ശേഷം തിരിച്ചുപോവുന്നു. കുഞ്ഞുങ്ങളെ വളര്‍ത്തിയ ശേഷം വീണ്ടും നാലു മാസത്തിനു ശേഷം തിരിക എത്തുകയും ചെയ്യുന്നു.
ലോക മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ റിപോര്‍ട്ട് ചെയ്ത സംഭവം നടക്കുന്നത് ബ്രസീലിലെ റിയോ ഡി ജനീറോ—ക്ക് അടുത്തുള്ള ദ്വീപിലാണ്. മീന്‍പിടുത്തക്കാരനായ ജാവോ പെരീര ഡിസൂസ (71) അഞ്ചു വര്‍ഷം മുമ്പാണ് ദേഹമാസകലം എണ്ണപ്പാട പൊതിഞ്ഞ് കടല്‍തീരത്തെ പാറക്കെട്ടില്‍ തളര്‍ന്നു കിടക്കുന്ന പെന്‍ഗ്വിന്‍ കുഞ്ഞിനെ കണ്ടത്. അതിനെ എടുത്ത് വീട്ടിലേക്കു കൊണ്ടുപോയ അദ്ദേഹം 11 മാസമാണ് ശുശ്രൂഷിച്ചത്. ഭക്ഷണം വായില്‍ വച്ചുകൊടുത്ത് ശ്രദ്ധയോടെ ഊട്ടിയാണ് ഇക്കാലമത്രയും അതിനെ വളര്‍ത്തിയത്. ഡിന്‍ഡിം എന്ന് പെന്‍ഗ്വിന് പേരിടുകയും ചെയ്തു. ആരോഗ്യം വീണ്ടെടുത്ത പെന്‍ഗ്വിനെ അദ്ദേഹം കടല്‍ തീരത്തേക്ക് തിരികെ അയച്ചു.
മാസങ്ങള്‍ക്കു ശേഷം കടല്‍തീരത്തിരിക്കുകയായിരുന്ന ഡിസൂസക്കരികിലേക്ക് ഡിന്‍ഡിം വീണ്ടുമെത്തി. തെക്കേ അമേരിക്കന്‍ മഗെല്ലാനിക് വംശത്തില്‍പ്പെട്ട മറ്റ് പെന്‍ഗ്വിനുകളെപ്പോലെ വംശവര്‍ധനവിന് അര്‍ജന്റീനിയന്‍, പെറു തീരങ്ങളിലേക്ക് പോയ ഡിന്‍ഡിന്‍ കടലിലൂടെ 5,000 മൈല്‍ സഞ്ചരിച്ചാണ് വീണ്ടും രക്ഷകനെ കാണാന്‍ ദ്വീപിലെത്തിയത്. ഡിസൂസയുടെ അടുത്ത് പറ്റിക്കൂടിയ പെന്‍ഗ്വിന്‍ അദ്ദേഹത്തോടൊപ്പം വീട്ടിലേക്കു പോയി. എട്ടു മാസത്തോളമാണ് അവിടെ താമസിച്ചത്.
രോഗിയായിരുന്ന കാലത്തേതുപോലെ തന്റെ മടിത്തട്ടിലാണ് ഡിന്‍ഡിം ഇരുന്നതെന്നും മക്കളെപ്പോലെയാണ് അതിനെ സ്‌നേഹിക്കുന്നതെന്നും ഡിസൂസ പ്രാദേശിക വാര്‍ത്താ ചാനലിനോടു പറഞ്ഞു. അഞ്ചു വര്‍ഷത്തിനിടെ ഒരിക്കല്‍പോലും മുടങ്ങാതെയാണ് പെന്‍ഗ്വിന്‍ ഡിസൂസയെ തേടി എത്തുന്നതും മാസങ്ങളോളം കൂടെ താമസിച്ച് തിരികെ പോവുന്നതും.
Next Story

RELATED STORIES

Share it