യോഗാദിനാചരണത്തില്‍ മന്ത്രോച്ചാരണം:കേന്ദ്രസര്‍ക്കാര്‍ പ്രോട്ടോകോള്‍റദ്ദുചെയ്യണം- കാംപസ് ഫ്രണ്ട്

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനാചരണത്തില്‍ മന്ത്രോച്ചാരണം ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ പ്രോട്ടോകോള്‍ റദ്ദുചെയ്യണമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ. കേന്ദ്രസര്‍ക്കാര്‍ ഉത്തരവുപ്രകാരം ഈ മാസം 21നാണു യോഗാദിനം ആചരിക്കുന്നത്. യോഗാദിനാചരണത്തില്‍ അനുഷ്ഠിക്കാനുള്ള യോഗമുറകള്‍ വിശദീകരിച്ച് ഇറക്കിയ സര്‍ക്കുലറില്‍ യോഗയുടെ ആദ്യ രണ്ടു മിനിറ്റ് മന്ത്രം ഉരുവിടണം എന്നു നിഷ്‌കര്‍ഷിക്കുന്നു. കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ സജീവമായ വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണത്തിന്റെ പുതിയ ഉദാഹരണംകൂടിയാണ് സര്‍ക്കുലര്‍. യോഗയെ ഹിന്ദുത്വവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണു കഴിഞ്ഞവര്‍ഷങ്ങളിലൊന്നുമില്ലാതിരുന്ന മന്ത്രോച്ചാരണം സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയത്. ഈ പ്രോട്ടോകോള്‍ പിന്‍വലിച്ച് മതേതരമായ യോഗാദിനാചരണം സംഘടിപ്പിക്കണമെന്നും കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രോട്ടോകോള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 20 വരെ നടത്തുന്ന ദേശീയ കാംപയിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി മന്ത്രോച്ചാരണം നിഷ്‌കര്‍ഷിക്കുന്ന കോമണ്‍ യോഗാ പ്രോട്ടോക്കോള്‍ കത്തിക്കും. അന്താരാഷ്ട്ര യോഗാദിനത്തില്‍ സെക്രേട്ടറിയറ്റ് പരിസരത്ത് മതേതര യോഗ’സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആസിഫ് നാസര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it