യെദ്യൂരപ്പയ്ക്ക് വരള്‍ച്ച കാണാന്‍ ആഡംബര വാഹനം

ബംഗളൂരു: ബിജെപി കര്‍ണാടക ഘടകം അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയ്ക്ക് പഞ്ചസാര രാജാവ് മുരുകേശ് നിരാനി 1.15 കോടി രൂപ വിലയുള്ള ആഡംബര വാഹനം സമ്മാനിച്ചതു വിവാദമായി. സംസ്ഥാനത്തെ വരള്‍ച്ചബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനാണ് ഏഴുപേര്‍ക്കു സഞ്ചരിക്കാവുന്ന വാഹനം യെദ്യൂരപ്പയ്ക്കു നല്‍കിയത്. പാര്‍ട്ടിപ്രവര്‍ത്തനം നടത്താനാണ് നിരാനി കാര്‍ നല്‍കിയതെന്നും താന്‍ പാര്‍ട്ടി അധ്യക്ഷ പദവി ഒഴിഞ്ഞാല്‍ അദ്ദേഹം കാര്‍ തിരിച്ചെടുക്കുമെന്നുമാണ് യെദ്യൂരപ്പ പറയുന്നത്. വരള്‍ച്ചബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ആഡംബര വാഹനം ഉപയോഗിക്കുന്നതു ശരിയാണോ എന്ന ചോദ്യത്തിന് വാഹനത്തിന്റെ വിലയും വരള്‍ച്ചയും താരതമ്യപ്പെടുത്തരുതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യെദ്യൂരപ്പയ്ക്ക് വാഹനം നല്‍കിയതിനെ മുന്‍മന്ത്രി കൂടിയായ നിരാനി ന്യായീകരിച്ചു. സമ്മാനമായിട്ടല്ല വാഹനം നല്‍കിയതെന്നും യെദ്യൂരപ്പയ്ക്ക് എത്രകാലം വേണമെങ്കിലും അത് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബിദാര്‍, കലബുര്‍ഗി, റെയ്ചൂര്‍, വിജയ്പുരം എന്നീ ജില്ലകളിലെ വരള്‍ച്ചബാധിത മേഖലകള്‍ ഈ മാസം 27 മുതല്‍ മെയ് ഒന്നുവരെ സന്ദര്‍ശിക്കാനാണ് യെദ്യൂരപ്പയുടെ പരിപാടി.
Next Story

RELATED STORIES

Share it