യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടിയുടെ മദ്യനയം: വിഎസ്

തിരുവനന്തപുരം: മദ്യനയത്തെച്ചൊല്ലി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും കെപിസിസി പ്രസിഡന്റ് വി എം സുധീരനും തമ്മില്‍ ഫേസ്ബുക്കില്‍ പോര്. മദ്യനയം സംബന്ധിച്ച് എല്‍ഡിഎഫ് ഇരുട്ടില്‍ തപ്പുകയാണെന്ന് സുധീരന്‍ ആരോപിച്ചു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണോ പിണറായി പറഞ്ഞതാണോ പാര്‍ട്ടിയുടെ മദ്യനയമെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.
ജനറല്‍ സെക്രട്ടറിയുടെ നിര്‍ദേശം മറികടന്ന് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ മദ്യനയത്തെക്കുറിച്ചുള്ള പരാമര്‍ശം വ്യക്തമാക്കുന്നത് മദ്യലോബിയെ പ്രീണിപ്പിക്കുക എന്നതാണ്. അതിനാല്‍ മദ്യലോബിയുടെ തടവറയില്‍നിന്നു സ്വയം വിമുക്തരായി ജനങ്ങള്‍ക്കുവേണ്ടി ഒരു മദ്യനയം രൂപീകരിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാവുമോ എന്നു സുധീരന്‍ ചോദിച്ചു.
എന്നാല്‍, ജനറല്‍ സെക്രട്ടറി പറഞ്ഞതാണ് പാര്‍ട്ടിയുടെ മദ്യനയമെന്നാണ് വിഎസിന്റെ വിശദീകരണം. എല്‍ഡിഎഫിന്റെ മദ്യനയം സുവ്യക്തമാണ്. മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടുവരുകയും മദ്യവര്‍ജനം നടപ്പാക്കുകയുമാണ് ആ നയം. അടച്ച ബാറുകള്‍ തുറക്കില്ലെന്ന് യെച്ചൂരി വ്യക്തമാക്കിയതും ഇതിന്റെ ഭാഗമാണ്. ഇവിടെ എവിടെയാണ് ആശയക്കുഴപ്പം. രാഷ്ട്രീയലക്ഷ്യംവച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ് യുഡിഎഫിന്റെയും ബിജെപിയുടെയും പ്രധാന പരിപാടി. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഒരു പുതിയ ബാറും തുറക്കില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it