Sports

യൂറോ കപ്പ്: പയെറ്റ് വണ്ടര്‍ഗോളില്‍ ഫ്രാന്‍സ് രക്ഷപ്പെട്ടു

പാരിസ്: യൂറോ കപ്പ് സന്നാഹമല്‍സരത്തില്‍ മുന്‍ ചാംപ്യന്മാരും ആതിഥേയരുമായ ഫ്രാന്‍സിനു ത്രസിപ്പിക്കുന്ന ജയം. അഞ്ചു ഗോളുകള്‍ പിറന്ന ത്രില്ലറില്‍ ഫ്രാന്‍സ് 3-2ന് ആഫ്രിക്കയില്‍ നിന്നുള്ള കാമറൂണിനെ മുട്ടുകുത്തിക്കുകയായിരുന്നു.
മല്‍സരം 2-2നു സമനിലയില്‍ പിരിയുമെന്നിരിക്കെയാണ് ഇംഗ്ലീഷ് ടീം വെസ്റ്റ്ഹാമിന്റെ പുത്തന്‍ താരോദയമായ ദിമിത്രി പയെറ്റ് ഫ്രാന്‍സിന്റെ വിജയഗോള്‍ നിക്ഷേപിച്ചത്. 25 വാര അകലെ നിന്ന് പയെറ്റ് തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഫ്രീകിക്ക് കാമറൂണ്‍ ഗോളിയെ നിസ്സഹായനാക്കി വലയില്‍ തറയ്ക്കുകയായിരുന്നു.
നേരത്തേ ബ്ലാസി മറ്റിയുഡിയിലൂടെ 20ാം മിനിറ്റില്‍ ഫ്രാന്‍സാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ലീഡിന് രണ്ടു മിനിറ്റ് ആയുസ്സ് മാത്രമേയുണ്ടായുള്ളൂ. 22ാം മിനിറ്റില്‍ വിന്‍സെന്റ് അബൂബക്കര്‍ കാമറൂണിനു സമനില സമ്മാനിച്ചു. 41ാം മിനിറ്റില്‍ ഒലിവര്‍ ജിറൂഡിലൂടെ ഫ്രാന്‍സ് ലീഡ് തിരികെ പിടിച്ചെങ്കിലും 88ാം മിനിറ്റില്‍ എറിക് ചൊപോ മോട്ടിങ് കാമറൂണിനെ വീണ്ടും ഒപ്പമെത്തിച്ചു.
മല്‍സരത്തിനിടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ജിറൂഡിനെ കാണികളില്‍ ഒരു വിഭാഗം കൂകി വിളിച്ചു പരിഹസിച്ചു. സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സെമയെ യൂറോയി ല്‍ നിന്നൊഴിവാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. എന്നാല്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ നേടിയാണ് ജിറൂഡ് വിമര്‍ശകരുടെ വായടപ്പിച്ചത്.
മറ്റൊരു സന്നാഹ മല്‍സരത്തില്‍ കരുത്തരായ സ്വീഡനെ സ്ലൊവേനിയ ഗോള്‍രഹിതമായി പിടിച്ചുനിര്‍ത്തി.
Next Story

RELATED STORIES

Share it