Sports

യൂറോ കപ്പ്: ഗ്രീസ്മാനിലേറി ഫ്രാന്‍സ്

പാരിസ്: അയര്‍ലന്‍ഡിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ആതിഥേയരും രണ്ട് തവണ ചാംപ്യന്‍മാരുമായ ഫ്രാന്‍സ് യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇരട്ട ഗോള്‍ നേടിയ അത്‌ലറ്റികോ മാഡ്രിഡ് ഫോര്‍വേഡ് ആന്റോയിന്‍ ഗ്രീസ്മാനാണ് ഫ്രഞ്ച് പടയ്ക്ക് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്.
ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷമാണ് മല്‍സരത്തില്‍ ഫ്രഞ്ച് പട ശക്തമായി തിരിച്ചുവരവ് നടത്തിയത്. കളിയുടെ രണ്ടാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റോബി ബ്രാഡിയാണ് അയര്‍ലന്‍ഡിനു വേണ്ടി സ്‌കോര്‍ ചെയ്തത്. എന്നാല്‍, ഗോള്‍ വീണതോടെ ആക്രമിച്ചു കളിച്ച ഫ്രാന്‍സ് കളിയുടെ രണ്ടാംപകുതിയില്‍ ഗ്രീസ്മാനിലൂടെ രണ്ട് തവണ നിറയൊഴിച്ച് വിജയം കൈപിടിയിലൊതുക്കുകയായിരുന്നു. 58, 61 മിനിറ്റുകളിലാണ് ഗ്രീസ്മാന്‍ ആതിഥേയര്‍ക്കു വേണ്ടി വലക്കുലുക്കിയത്. 66ാം മിനിറ്റില്‍ ഷെയ്ന്‍ ഡഫി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അയര്‍ലന്‍ഡിന് വിനയായി.
മല്‍സരത്തില്‍ ആധികാരിക പ്രകടനം നടത്തിയ ഫ്രാന്‍സിന് ഗോളിനായി പത്തോളം അവസരങ്ങളാണ് ലഭിച്ചത്. ഇതില്‍ അയര്‍ലന്‍ഡ് ഗോള്‍കീപ്പര്‍ ഡാരന്‍ റാന്‍ഡോള്‍ഫിന്റെ മിന്നുന്ന സേവുകള്‍ക്കു മുന്നില്‍ അഞ്ചോളം ഗോളവസരങ്ങള്‍ ഫ്രാന്‍സിന് നഷ്ടമായി. 11 തവണ ഗോള്‍ പോസ്റ്റിലേക്ക് ഷോട്ടുതീര്‍ത്ത ഫ്രാന്‍സ് മല്‍സരത്തില്‍ 67 ശതമാനവും പന്ത് നിയന്ത്രിച്ചു. അയര്‍ലന്‍ഡ് ആവട്ടെ കിട്ടിയ ഒരു പെനാല്‍റ്റി മാത്രമാണ് ഫ്രാന്‍സ് ഗോള്‍ പോസ്റ്റിലേക്ക് തൊടുത്തത്.
ബോക്‌സില്‍ വച്ച് ഷെയ്ന്‍ ലോങിനെ പോള്‍ പോഗ്ബ ഫൗളിനിരയാക്കിയതിനെ തുടര്‍ന്നാണ് അയര്‍ലന്‍ഡിന് അനുകൂലമായി റഫറി പെനാല്‍റ്റി ന്ല്‍കിയത്.
തുടര്‍ച്ചയായി മല്‍സരങ്ങളില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സിന്റെ എന്‍ഗോളോ കാന്റ, ആദില്‍ റമി എന്നിവര്‍ക്ക് അടുത്ത മല്‍സരത്തില്‍ കളിക്കാനാവില്ല.
ഇംഗ്ലണ്ട്-ഐസ്‌ലന്‍ഡ് പ്രീക്വാര്‍ട്ടര്‍ മല്‍സരത്തിലെ വിജയികളെയാണ് ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് നേരിടുക.
Next Story

RELATED STORIES

Share it