Sports

യൂറോ കപ്പിന് നാളെ കിക്കോഫ്

പാരിസ്: ലോകം മുഴുവനുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശം കൊള്ളിക്കാന്‍ വീണ്ടുമൊരു യൂറോ കപ്പ് കൂടിയെത്തുന്നു. 15ാമത് യൂറോ കപ്പിന് നാളെ ഫ്രാന്‍സില്‍ വിസില്‍ മുഴങ്ങും. ആദ്യദിനം ഒരു മല്‍സരം മാത്രമേയുള്ളൂ. ഇന്ത്യന്‍ സമയം രാത്രി 12.30നു ആതിഥേയരും മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സും റുമാനിയ യും തമ്മിലാണ് ഉദ്ഘാടനമല്‍സരം.
10 വേദികളിലായി നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 24 രാജ്യങ്ങള്‍ മാറ്റുരയ്ക്കും. ഇതാദ്യമായാണ് ഇത്രയുമധികം ടീമുകള്‍ യൂറോയില്‍ പന്തുതട്ടുന്നത്. നാളെയാരംഭിക്കുന്ന ടൂര്‍ണമെന്റിന് അടുത്ത മാസം 10നാണ് തിരശീല വീഴുന്നത്.
തുര്‍ക്കി, ഇറ്റലി എന്നിവരെ പിന്തള്ളിയാണ് യൂറോയുടെ ആതിഥേയത്വം ഫ്രാന്‍സ് സ്വന്തമാക്കിയത്. ഫ്രാന്‍സിലെ സെന്റ് ഡെനിസ്, മാഴ്‌സെ, ലിയോണ്‍, ലില്ലെ, പാരിസ്, ബോര്‍ഡോ, സെന്റ് എറ്റിനെ, നൈസ്, ലെന്‍സ്, ടൊലൂസ് എന്നിവയാണ് മല്‍സരവേദികള്‍. 81,000ത്തിലധികം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സെന്റ് ഡെനിസിലെ സ്റ്റേഡിയമാണ് ഇതില്‍ ഒന്നാംസ്ഥാനത്ത്.
നാലു രാജ്യങ്ങളെ വീതം ആറു ഗ്രൂപ്പുകളിലായാണ് 24 ടീമു കളെ തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ഫ്രാന്‍സിനൊപ്പം റുമാനിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, അല്‍ബേനിയ എന്നിവരും ഗ്രൂപ്പ് ബിയി ല്‍ ഇംഗ്ലണ്ട്, റഷ്യ, വെയ്ല്‍സ്, സ്ലൊവാക്യ എന്നിവരും ഗ്രൂപ്പ് സിയില്‍ നിലവിലെ ലോകചാംപ്യന്‍മാരായ ജര്‍മനിക്കൊപ്പം ഉക്രെയ്ന്‍, പോളണ്ട്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവരും അണിനിരക്കും.
നിലവിലെ ജേതാക്കളായ സ്‌പെയിന്‍, ചെക് റിപബ്ലിക്ക്, തുര്‍ക്കി, ക്രൊയേഷ്യ എന്നിവരാണ് ഗ്രൂപ്പ് ഡിയിലെങ്കില്‍ ഇറ്റലി, ബെ ല്‍ജിയം, അയര്‍ലന്‍ഡ്, സ്വീഡ ന്‍ എന്നിവര്‍ ഗ്രൂപ്പ് ഇയിലും പോര്‍ച്ചുഗല്‍, ഓസ്ട്രിയ, ഐസ്‌ലന്‍ഡ്, ഹംഗറി എന്നിവര്‍ ഗ്രൂപ്പ് എഫിലുമുണ്ട്. സ്‌പെയിനുള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയും ഇറ്റലിയടങ്ങുന്ന ഗ്രൂപ്പ് ഇയിലുമാണ് ചാംപ്യന്‍ഷിപ്പിലെ മരണ ഗ്രൂപ്പുകള്‍.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ക്കൊപ്പം ഗ്രൂപ്പുഘട്ടത്തിലെ മികച്ച നാലു മൂന്നാംസ്ഥാനക്കാരും പ്രീക്വാര്‍ട്ടറിലേക്കു യോഗ്യത നേടും. ഈ മാസം 25, 26 തിയ്യതികളിലാണ് പ്രീക്വാര്‍ട്ടര്‍. ക്വാര്‍ട്ടര്‍ 30നും ജൂ ലൈ ഒന്നിനും നടക്കും. ജുലൈ ആറ്, ഏഴ് തിയ്യതികളിലാണ് സെമി ഫൈനലുകള്‍.
സ്‌പെയിനിന് ഞെട്ടിക്കുന്ന തോല്‍വി
മാഡ്രിഡ്: യൂറോ കപ്പിനു മുന്നോടിയായുള്ള അവസാന സന്നാഹമല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ സ്‌പെയിനിനു ഞെട്ടിക്കുന്ന തോ ല്‍വി. 1-0നാണ് ജോര്‍ജിയ സ്‌പെയിനിനെ അട്ടിമറിച്ചത്.
യൂറോയുടെ എക്കാലത്തെയും മികച്ച ഇലവനെ പ്രഖ്യാപിച്ചു
പാരിസ്: യൂറോ കപ്പിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇലവനെ യുവേഫ പ്രഖ്യാപിച്ചു. മുന്‍ ഇതിഹാസതാരങ്ങളും 18 കോടിയിലധികം വരുന്ന ആരാധകരുമാണ് വോട്ടെടുപ്പിലൂടെ ടീമിനെ തിരഞ്ഞെടുത്തത്.
ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയിജി ബഫണാണ് ടീമിന്റെ ഗോള്‍ വല കാക്കുക. പ്രതിരോധത്തില്‍ ജര്‍മനിയുടെ ഫിലിപ്പ് ലാം, ഇറ്റലിയുടെ പൗലോ മാള്‍ഡീനി, ജര്‍മന്‍ ഇതിഹാസം ഫ്രന്‍സ് ബെക്കന്‍ബോവര്‍, സ്‌പെയിനിന്റെ കാര്‍ലോസ് പുയോ ള്‍ എന്നിവരാണുള്ളത്.
ഫ്രഞ്ച് ഇതിഹാസം സൈനുദ്ദീന്‍ സിദാന്‍, ഇറ്റലിയുടെ ആന്ദ്രെ പിര്‍ലോ, സ്‌പെയിനിന്റെ ആന്ദ്രെസ് ഇനിയേസ്റ്റ എന്നിവരാണ് മിഡ്ഫീല്‍ഡര്‍മാര്‍. ഫ്രാന്‍സിന്റെ തിയറി ഹെന്റി, ഹോളണ്ടിന്റെ മാര്‍കോ വാന്‍ബാസ്റ്റന്‍, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ മുന്നേറ്റങ്ങള്‍ക്കു ചുക്കാന്‍പിടിക്കും.
Next Story

RELATED STORIES

Share it