യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തേക്ക്



ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണോ എന്നറിയാന്‍ നടത്തിയ 'ബ്രെക്‌സിറ്റ്' ജനഹിത പരിശോധനയുടെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ യൂറോപ്യന്‍ യൂനിയന്‍ വിടണമെന്ന വാദക്കാര്‍ക്കു വിജയം. മൂന്നുകോടി ജനങ്ങള്‍ വോട്ടു രേഖപ്പെടുത്തിയ നിര്‍ണായകവും ചരിത്രപരവുമായ ഹിതപരിശോധനയില്‍ 52 ശതമാനം പേരാണ് യൂനിയനില്‍ തുടരുന്നതിനെ എതിര്‍ത്തത്. 48 ശതമാനം പേര്‍ അനുകൂലിച്ചു. ഇതോടെ യൂറോപ്യന്‍ യൂനിയന്‍ വിടുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍ യൂനിയനില്‍നിന്നു പുറത്തുപോവണമെന്ന അഭിപ്രായത്തിനു നേരിയ മുന്‍തൂക്കം ലഭിച്ചിരുന്നെങ്കിലും പിന്നീട് മുന്‍തൂക്കം മറുപക്ഷത്തേക്ക് മാറി. ആദ്യഘട്ടത്തില്‍ ഇരുപക്ഷത്തിനും വ്യക്തമായ ലീഡ് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ലീഡ് നില മാറിമറിഞ്ഞു. ഒടുവില്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരേണ്ടെന്ന് ബ്രിട്ടന്‍ വിധിയെഴുതുകയായിരുന്നു.
പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ അടക്കമുള്ള നേതൃനിര രാജ്യം യൂനിയനില്‍ തുടരണമെന്ന നിലപാടുകാരായിരുന്നിട്ടും മറുപക്ഷത്തിനായിരുന്നു വിജയം. ലണ്ടന്‍, സ്‌കോട്ട്‌ലന്റ്, ഉത്തര അയര്‍ലന്റ് എന്നിവര്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന ആവശ്യത്തെ പിന്തുണച്ചപ്പോള്‍ ഇംഗ്ലണ്ട്, വെയില്‍സ് എന്നിവര്‍ മറുഭാഗത്തായി. 43 വര്‍ഷത്തിനുശേഷം നടന്ന ഹിതപരിശോധനയില്‍ 71.8 ശതമാനം പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. 1992ലെ യുകെ പൊതുതിരഞ്ഞെടുപ്പിനുശേഷം ഏറ്റവും കൂടുതല്‍ പേര്‍ വിധിയെഴുതിയ ഹിതപരിശോധന കൂടിയാണിത്.
1973 മുതല്‍ യൂറോപ്യന്‍ യൂനിയനില്‍ അംഗമായ ബ്രിട്ടന്റെ ഹിതപരിശോധനാ ഫലത്തെ ലോകം ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്. ഒരൊറ്റ ചോദ്യമാണ് ബാലറ്റ് പേപ്പറില്‍ ഉണ്ടായിരുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ ഒരംഗമായി തുടരണോ, അതോ വിട്ടുപോവണോ? ഇതിനുള്ള ഭൂരിപക്ഷത്തിന്റെ ഉത്തരത്തെ തുടര്‍ന്നാണു ബ്രിട്ടന്‍ ജനത രാഷ്ട്രീയമായി വിഭജിക്കപ്പെട്ടത്. ഹിതപരിശോധനക്ക് തൊട്ടുമുമ്പ് നടന്ന ഫൈനല്‍ ഒപ്പീനിയന്‍ പോളില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്നതിന് 10 ശതമാനം ലീഡുണ്ടായിരുന്നു.
അതിനിടെ, ഹിതപരിശോധനാഫലത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ രാജി പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനുശേഷം സ്ഥാനമൊഴിയുമെന്നും പുതിയ നേതൃത്വമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടിഷ് ജനതയുടെ അഭിപ്രായത്തെ മാനിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തികനില ഭദ്രമാണെന്നും കാമറണ്‍ വ്യക്തമാക്കി.
ഫലം പുറത്തുവന്നതിനു തൊട്ടുപിന്നാലെ ഡോളറിനെതിരേ പൗണ്ടിന്റെ വില താഴ്ന്ന് 1985ലെ നിലയിലെത്തി. ബ്രിട്ടന്‍ പുറത്തുപോവുന്നതോടെ ആഗോളവിപണിയില്‍ വന്‍ പ്രത്യാഘാതമുണ്ടാവുമെന്നാണ് റിപോര്‍ട്ട്.
Next Story

RELATED STORIES

Share it