യൂറോപ്പില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടങ്ങള്‍

ലണ്ടന്‍/മാഡ്രിഡ്/റോം/മ്യൂണിക്ക്/പാരിസ്: യൂറോപ്പില്‍ ഇന്ന് ഫുട്‌ബോള്‍ ആരവം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗ്, ഇറ്റാലിയന്‍ ലീഗ്, ജര്‍മന്‍ ലീഗ്, ഫ്രഞ്ച് ലീഗ് എന്നിവയിലെല്ലാം ഇന്ന് വമ്പന്‍ ടീമുകള്‍ കളത്തിലിറങ്ങുന്നുണ്ട്.
പ്രീമിയര്‍ ലീഗില്‍ ചെല്‍സിയും ലിവര്‍പൂളും മുഖാമുഖം പോരടിക്കുമ്പോള്‍ മാഞ്ചസ്റ്റര്‍ ടീമുകളും ആഴ്‌സനലും വിജയം തേടി ഇന്ന് ബൂട്ടുകെട്ടുന്നുണ്ട്. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ ലീഗില്‍ യുവന്റസും ഇന്റര്‍മിലാനും ജര്‍മന്‍ ലീഗില്‍ ബൊറൂസ്യ ഡോട്മുണ്ടും ഫ്രഞ്ച് ലീഗില്‍ ലിയോണും വിജയം ലക്ഷ്യമിട്ട് അങ്കത്തിനിറങ്ങും.
സ്റ്റാംഫോര്‍ഡ് പിടിക്കാന്‍ റെഡ്‌സ്
നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയും മുന്‍ ജേതാക്കളായ ലിവര്‍പൂളും തമ്മിലുള്ള പോരാട്ടമാണ് യൂറോപ്പിലെ ഇന്നത്തെ ഏറ്റവും ശ്രദ്ധേയമായ മല്‍സരം. സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തി കൊണ്ടിരിക്കുന്ന ചെല്‍സി വിജയവഴിയില്‍ മടങ്ങിയെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശക്തരായ ലിവര്‍പൂളിനെതിരേ കച്ചക്കെട്ടുന്നത്.
എന്നാല്‍, ബ്ലൂസിന്റെ തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ യുര്‍ഗന്‍ ക്ലോപ്പിന്റെ ശിക്ഷണത്തിലിറങ്ങുന്ന ലിവര്‍പൂള്‍ വിജയപ്രതീക്ഷയിലാണ്. ലീഗിലെ തിരിച്ചടിക്കു പിന്നാലെ ഇംഗ്ലീഷ് ലീഗ് കപ്പിലും അടിതെറ്റിയത് ചെല്‍സിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സീസണില്‍ ടീമിന്റെ ദയനീയ തോല്‍വികളെ തുടര്‍ന്ന് ചെല്‍സി കോച്ച് ജോസ് മൊറീഞ്ഞോ പുറത്താവലിന്റെ വക്കിലാണ്. സീസണില്‍ ഇനിയുള്ള മല്‍സരങ്ങള്‍ ചെല്‍സിക്കും മൊറീഞ്ഞോയ്ക്കും നിര്‍ണായകമായിരിക്കുകയാണ്.
ലീഗ് കപ്പില്‍ സ്റ്റോക്ക് സിറ്റിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതിനു ശേഷമാണ് സ്വന്തം തട്ടകത്തില്‍ ബ്ലൂസ് വീണ്ടും കച്ചക്കെട്ടുന്നത്. അവസാന മൂന്നു മല്‍സരങ്ങളിലും വിജയം കാണാന്‍ കഴിയാതെ പോയത് ചെല്‍സിയെ സമ്മര്‍ദ്ദത്തിലാക്കുന്നു. ക്ലോപ്പിന്റെ കീഴില്‍ പുത്തന്‍ തന്ത്രങ്ങള്‍ പഠിച്ച ലിവര്‍പൂള്‍ ചെല്‍സിക്ക് ഇന്ന് കനത്ത വെല്ലുവിളിയായേക്കും.
തോല്‍വികള്‍ക്കു പിന്നാലെ പ്രമുഖ താരങ്ങള്‍ പരിക്കിന്റെ പിടിയിലകപ്പെട്ടത് ചെല്‍സിക്ക് വന്‍ തിരിച്ചടിയായിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് ബ്രാനിസ്ലാവ് ഇവാനോവിച്ച് പുറത്തിരിക്കുമ്പോള്‍ ഡിയേഗോ കോസ്റ്റ, പെഡ്രോ എന്നിവരുടെ സാന്നിധ്യം ഇന്നത്തെ മല്‍സരത്തില്‍ ഉണ്ടാവുമോയെന്ന് ചെല്‍സിക്ക് ഇപ്പോഴും ഉറപ്പിച്ചു പറയാനാവുന്നില്ല.
അതേസമയം, പരിക്കേറ്റ ഡാനിയേല്‍ സ്റ്റുറിഡ്ജ് ഇന്ന് ലിവര്‍പൂളിനായി കളിക്കുന്ന കാര്യം സംശയത്തിലാണ്. ലീഗ് കപ്പില്‍ ബേണ്‍മൗത്തിനെതിരേ പരിക്കു മൂലം കളിക്കാതിരുന്ന ക്രിസ്റ്റ്യന്‍ ബെന്റേക്ക് ലിവര്‍പൂള്‍ നിരയില്‍ തിരിച്ചെത്തിയേക്കും. സസ്‌പെന്‍ഷന്‍ കഴിഞ്ഞെത്തുന്ന ജെയിംസ് മില്‍നറുടെ സേവനവും റെഡ്‌സിന് ആത്മവിശ്വാസം വര്‍ധിപ്പിക്കും.
പരിശീലക സ്ഥാനമേറ്റെടുത്തതിനു ശേഷം പ്രീമിയര്‍ ലീഗിലെ ലിവര്‍പൂളിന്റെ ആദ്യ വിജയമാണ് കോപ്പ് ലക്ഷ്യംവയ്ക്കുന്നത്. ക്ലോപ്പിന്റെ കീഴില്‍ ലിവര്‍പൂള്‍ കളിച്ച പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ സമനിലകളില്‍ പെട്ടപ്പോള്‍ ലീഗ് കപ്പില്‍ ബേണ്‍മൗത്തിനെതിരേ റെഡ്‌സ് വിജയക്കൊടി നാട്ടി. അവസാനം ഇരു ടീമും ആറു തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയം ചെല്‍സിക്കൊപ്പമായിരുന്നു. മൂന്നു മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. നിലവില്‍ ലീഗിലെ പോയിന്റ് പട്ടികയില്‍ ലിവര്‍പൂള്‍ ഒമ്പതാമതും ചെല്‍സി 15ാം സ്ഥാനത്തുമാണൂള്ളത്.
എന്നാല്‍, ലീഗിലെ ഒന്നാംസ്ഥാ്വനം ഭദ്രമാക്കുകയെന്ന ആഗ്രഹത്തോടെയാണ് മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി നോര്‍വിച്ചുമായി കൊമ്പുകോര്‍ക്കുന്നത്. പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള ആഴ്‌സനല്‍ സ്വാന്‍സിയെ എതിരിടുമ്പോള്‍ നാലാമതുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ എതിരാളി ക്രിസ്റ്റല്‍ പാലസാണ്. പ്രമുഖ താരങ്ങളുടെ പരിക്ക് ആഴ്‌സനലിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ വെസ്റ്റ്ഹാം വാട്ട്‌ഫോര്‍ഡിനെയും ന്യൂകാസില്‍ സ്‌റ്റോക്ക് സിറ്റിയെയും വെസ്റ്റ് ബ്രോം ലെയ്‌സസ്റ്റര്‍ സിറ്റിയെയും നേരിടും.
ഇന്റര്‍ റോമയ്‌ക്കെതിരേ

ഇറ്റാലിയന്‍ ലീഗില്‍ ഒന്നാംസ്ഥാനത്തിനു വേണ്ടി ഇന്റര്‍മിലാനും റോമയും ഇന്ന് മുഖാമുഖം കൊമ്പുകോര്‍ക്കും. നിലവില്‍ 10 റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 23 പോയിന്റുമായി റോമ തലപ്പത്തും 21 പോയിന്റോടെ ഇന്റര്‍ നാലാം സ്ഥാനത്തുമാണുള്ളത്. ഇന്ന് റോമയെ വീഴ്ത്തിയാല്‍ ഇന്ററിന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനാവും.
സ്വന്തം തട്ടകത്തിലാണ് മല്‍സരമെന്നത് ഇന്ററിന് പ്ലസ് പോയിന്റാണ്. എന്നാല്‍, ഒന്നാംസ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന വാശിയോടെയാണ് റോമ അങ്കത്തിനിറങ്ങുന്നത്. സീസണില്‍ ഇരു ടീമും മികച്ച ഫോമിലായതിനാല്‍ പോരാട്ടം കനക്കും.
അതേസമയം, സീസണില്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്ന നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന മോഹവുമായി ടൊറീനോയെ എതിരിടും.
കുതിപ്പ് തുടരാന്‍ ബാഴ്‌സയും റയലും
സ്പാനിഷ് ലീഗില്‍ വിജയകുതിപ്പ് തുടരാനുറച്ചാണ് നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണയും മുന്‍ ജേതാക്കളായ റയലും ഇന്ന് അങ്കത്തട്ടിലിറങ്ങുന്നത്. എവേ മല്‍സരത്തില്‍ ഗെറ്റാഫെയാണ് ബാഴ്‌സയുടെ എതിരാളികളെങ്കില്‍ ഹോംഗ്രൗണ്ടില്‍ ലാസ് പാല്‍മാസുമായാണ് റയല്‍ അങ്കം കുറിക്കുന്നത്.
നിലവില്‍ ഒമ്പത് മല്‍സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി റയല്‍ തലപ്പത്തും ഇത്ര തന്നെ പോയിന്റുമായി ബാഴ്‌സ രണ്ടാം സ്ഥാനത്തുമാണുള്ളത്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ വലന്‍സിയ ലെവന്റെയെയും വിയ്യാറയല്‍ സെവിയ്യയെയും റയല്‍ സോസിഡാഡ് സെല്‍റ്റയെയും നേരിടും.
ജര്‍മന്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ ബൊറൂസ്യ ഡോട്മുണ്ട് വെര്‍ഡര്‍ ബ്രെമനെയും കൊലോഗ്്വന ഹൊഫെന്‍ഹെയിമിനെയും ഓഗ്‌സ്ബര്‍ഗ് മെയ്ന്‍സിനെയും ഹെര്‍ത്ത ബൊറൂസ്യ മൊകന്‍ഗ്ലാഡ്ബാചിനെയും വോള്‍ഫ്‌സ്ബര്‍ഗ് ബയേര്‍ ലെവര്‍ക്യൂസനെയും എതിരിടും. ഫ്രഞ്ച് ലീഗില്‍ ലിയോണും ട്രോയ്‌സും തമ്മിലുള്ള പോരാട്ടമാണ് ശ്രദ്ധേയം.
Next Story

RELATED STORIES

Share it