യൂബര്‍ ടാക്‌സി പീഡനം; ഡ്രൈവര്‍ കുറ്റക്കാരന്‍; ശിക്ഷ വെള്ളിയാഴ്ച



ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ യൂബര്‍ ടാക്‌സിയില്‍ 25കാരിയെ പീഡിപ്പിച്ച കേസില്‍ ഡ്രൈവര്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. ശിവകുമാര്‍ യാദവ് (32)നെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 5നാണ് കേസിന് ആസ്പദമായ സംഭവം. ഗുഡ്ഗാവില്‍ ഫിനാന്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന യുവതിയെ ടാക്‌സിയില്‍ വീട്ടിലേക്കു പോകുന്ന വഴിയാണ് പീഡിപ്പിച്ചത്.
സംഭവം നടന്ന് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ഉത്തര്‍പ്രദേശ് പോലിസ് ശിവകുമാറിനെ അറസ്റ്റു ചെയ്തിരുന്നു.
ടാക്‌സിക്കുള്ളില്‍ നടന്ന പീഡനം ലോകശ്രദ്ധ നേടുകയും തുടര്‍ന്ന് യൂബര്‍ ടാക്‌സിക്ക് ഡല്‍ഹിയില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ടാക്‌സിക്കുള്ളില്‍ വച്ച് ഡ്രൈവര്‍ യുവതിയെ മര്‍ദ്ദിക്കുകയും കഴുത്തിനു പിടിച്ചു കൊല്ലാന്‍ ശ്രമിച്ചതായും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. പ്രതിയെ പരമാവധി ശിക്ഷയായ ജീവപര്യന്തം തടവിനു ശിക്ഷിക്കണമെന്നും പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു.
പ്രതിയുടെ ഭാര്യയും മാതാപിതാക്കളും കോടതിയിലെത്തിയിരുന്നുവെങ്കിലും ശിവകുമാറുമായി സംസാരിക്കാന്‍ അനുവദിച്ചില്ല.
പ്രതിയെ കുറ്റക്കാരനാണെന്നു കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പീഡനത്തിനിരയായ യുവതിയുടെ പിതാവ് പ്രതികരിച്ചു.
Next Story

RELATED STORIES

Share it