Second edit

യൂബര്‍ ടാക്‌സികള്‍

യൂബര്‍ ടാക്‌സികള്‍ നമ്മുടെ നാട്ടിലും വന്നുകഴിഞ്ഞു. ഇതെഴുതുന്നയാള്‍ക്ക് ഈയിടെ കൊച്ചിയില്‍ പോയപ്പോള്‍ അതിന്റെ പ്രയോജനം പൂര്‍ണമായും അനുഭവിക്കാനായി. സെല്‍ഫോണില്‍ വിളിച്ചാലുടന്‍ നിര്‍ദിഷ്ട സ്ഥലത്തെത്തും. എവിടെയാണെന്നുവച്ചാല്‍ കൊണ്ടുവിടും. ഒരു കുടുംബത്തിന് സുഖമായി എസി കാറില്‍ യാത്രചെയ്യാം. വാടക ചിലപ്പോള്‍ ഓട്ടോറിക്ഷക്കാര്‍ വാങ്ങുന്നതിനേക്കാള്‍ കുറവ്. യാത്രക്കാരനെ സംബന്ധിച്ചിടത്തോളം പിന്നെ വല്ലതും നോക്കാനുണ്ടോ? കാത്തുനില്‍ക്കില്ല എന്ന ഒരു കുറവു മാത്രം!
സൂപ്പര്‍ എന്ന അര്‍ഥം വരുന്ന ജര്‍മന്‍ വാക്കാണ് യൂബര്‍. ട്രാവിസ് കലനിക്ക് എന്ന ചെറുപ്പക്കാരന്റെ തലയിലുദിച്ച ആശയമാണ് പിന്നീട് 66 രാജ്യങ്ങളിലേക്കും 449 നഗരങ്ങളിലേക്കും വ്യാപിച്ചത്. 2009ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നായിരുന്നു തുടക്കം. ഓരോ മാസവും ഓരോ പുതിയ നഗരത്തില്‍ യൂബര്‍ ചേക്കേറുന്നു. ക്രമാനുഗതമായാണു വളര്‍ച്ച. അമേരിക്കയ്ക്ക് പുറത്ത് പാരിസാണ് യൂബര്‍ എത്തുന്ന ആദ്യ വിദേശനഗരം. ഇപ്പോള്‍ അതെത്താത്ത സ്ഥലങ്ങള്‍ കുറവാണ്. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊച്ചി എല്ലായിടത്തും വന്നുകഴിഞ്ഞു.
യൂബര്‍ ഡ്രൈവര്‍മാര്‍ക്ക് പ്രതിമാസം അരലക്ഷത്തിനും ഒരുലക്ഷത്തിനും ഇടയ്ക്ക് വരുമാനമുണ്ടെന്നാണു പറയുന്നത്. സ്വന്തമായ കാറും ലൈസന്‍സും ഉണ്ടായിരിക്കണമെന്നു മാത്രം. ഡ്രൈവര്‍മാര്‍ ആരുടെയും ജീവനക്കാരല്ല. തികച്ചും സ്വതന്ത്രര്‍. വേണമെങ്കില്‍ ബിസിനസ് പങ്കാളികളെന്നു പറയാം. ഇന്റര്‍നെറ്റ് വഴിയായതുകൊണ്ട് ഇതില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്നില്ല. ഒരു മൊബൈല്‍ ആപ്പ് കമ്പനിയാണ് അമേരിക്കയിലിരുന്നുകൊണ്ട് ലോകനഗരങ്ങളിലോടുന്ന യൂബറുകളെ നിയന്ത്രിക്കുന്നത്. സ്‌പെയിനിലും മറ്റും യൂബര്‍ നിരോധിച്ചതായാണ് അറിയുന്നത്. സാധാരണ ടാക്‌സിഡ്രൈവര്‍മാരെ യൂബര്‍ വല്ലാതെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് അവരുടെ ഭാഗത്തുനിന്നുള്ള എതിര്‍പ്പ് രൂക്ഷമാണ്. യൂബര്‍ ടാക്‌സികള്‍ നികുതിയൊടുക്കുകയോ ലൈസന്‍സ് ഫീ അടയ്ക്കുകയോ ചെയ്യുന്നില്ലെന്നാണ് അവരുടെ ആക്ഷേപം.
Next Story

RELATED STORIES

Share it