kozhikode local

യൂത്ത് ലീഗ് യോഗത്തില്‍ സംഘര്‍ഷം; പോലിസ് ലാത്തി വീശി

മുക്കം: മുക്കം മുനിസിപ്പാലിറ്റി മുസ്‌ലീം യൂത്ത്‌ലീഗ് കണ്‍വന്‍ഷനില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വെള്ളിയാഴ്ച രാത്രി മുണ്ടുപാറയില്‍ നടന്ന കണ്‍വന്‍ഷനിലാണ് കൂട്ടത്തല്ല് നടന്നത്. സംഘര്‍ഷം രൂക്ഷമായതോടെ പോലിസ് ലാത്തി വീശി.
രാത്രി 8.30 ഓടെയാണ് സംഭവം. കടുത്ത വിഭാഗീയതയെ തുടര്‍ന്ന് മുനിസിപ്പല്‍ കമ്മിറ്റി പ്രവര്‍ത്തനം ഏറെ നാളായി നിലച്ചിരിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പടുത്തതോടെ കമ്മിറ്റി പുനസംഘടിപ്പിക്കുന്നതിനായാണ് ഇന്നലെ യോഗം ചേര്‍ന്നത്. തങ്ങളെ ഒതുക്കുന്നതായി ആരോപിച്ച് ഒരു വിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകരും സിഎച്ച് ഫണ്ട് 8 ലക്ഷം തട്ടിയ മുനിസിപ്പല്‍ സെക്രട്ടറി മറുപടി പറയണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗവും രംഗത്തുവന്നു. ഇത് വാക്കേറ്റത്തിനും കൂട്ടതല്ലിലും കലാശിച്ചു.—
മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയുടെ തോല്‍വിക്കുത്തരവാദിയായ ആളെ ഭാരവാഹിയാക്കാനുള്ള ശ്രമവും സംഘര്‍ഷത്തിന് ആക്കം കൂട്ടി. നിയോജക മണ്ഡലം പ്രസിഡന്റ്,  സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സ്ഥലത്ത് ഏറെ നേരം സംഘര്‍ഷം നിലനിന്നു. കടുത്ത വിഭാഗീയതയും സിഎച്ച് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും മൂലം മുനിസിപ്പാലിറ്റിയില്‍ ലീഗ് കമ്മിറ്റി നേരത്തെ പിരിച്ചുവിട്ടതാണ്.
Next Story

RELATED STORIES

Share it