യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം

തിരുവനന്തപുരം: ദലിത് പെണ്‍കുട്ടികളെ ജയിലിലടച്ച സംഭവത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. സെക്രേട്ടറിയറ്റ് സമരകവാടത്തിലെത്തിയ പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
ദലിതരെ ജാതിപറഞ്ഞ് അധിക്ഷേപിക്കുന്ന പാര്‍ട്ടിയുടെ അമരക്കാരനായ പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കണമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. തലശ്ശേരിയില്‍ അഞ്ജന, അഖില സഹോദരിമാരെ കല്‍ത്തുറങ്കിലടച്ച പിണറായി ഒരുനിമിഷംപോലും മുഖ്യമന്ത്രിക്കസേരയില്‍ തുടരരുതെന്നും ഡീന്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ പിണറായി വിജയന്റെ കോലം കത്തിച്ചു. കോലത്തിലെ തീ അണയ്ക്കാന്‍ പോലിസ് ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവര്‍ത്തകര്‍ പ്രകോപിതരായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ എംജി റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി. കുത്തിയിരിപ്പ് പത്തുമിനിറ്റോളം നീണ്ടു. പ്രവര്‍ത്തകരോട് പിരിഞ്ഞുപോവാന്‍ പോലിസ് ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല. 1.30ഓടെ പ്രതിഷേധക്കാരെ രണ്ടു വാഹനങ്ങളിലായി അറസ്റ്റ് ചെയ്തുനീക്കി. രണ്ടു മണിയോടെയാണ് നഗരഗതാഗതം പൂര്‍വസ്ഥിതിയിലായത്.
Next Story

RELATED STORIES

Share it