യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വധം: നാലുപേര്‍ അറസ്റ്റില്‍

ഹരിപ്പാട്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഏവൂര്‍ വടക്ക് പുളിത്തറ വടക്കതില്‍ പ്രകാശ് (44), കണിച്ചനെല്ലൂര്‍ പുതമണ്ണേല്‍ വീട്ടില്‍ ശരത് (30), ഏവൂര്‍ വടക്ക് താഴ്‌ച്ചേല്‍ വടക്കതില്‍ സുനില്‍ എന്ന സുദേവന്‍ (30), അനീഷ് ഭവനത്തില്‍ അനീഷ് (33) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
ഇവരെ ഹരിപ്പാട് ജ്യുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഏവൂര്‍ വടക്ക് സുനി ഭവനത്തില്‍ രാമചന്ദ്രന്റെ മകന്‍ സുനില്‍കുമാറി (28)നെയാണു മാതാപിതാക്കളുടെയും ഭാര്യയുടെയും കണ്‍മുന്നിലിട്ട് ചൊവ്വാഴ്ച പുലര്‍ച്ചെ വെട്ടിക്കൊലപ്പെടുത്തിയത്.
ഇരുപതോളം പേരാണ് അക്രമത്തിനു പിന്നില്‍. സംഘത്തെ കണ്ട് പുറത്തിറങ്ങി ഓടിയ സുനില്‍ മരത്തിന്റെ വേരില്‍ത്തട്ടി വീഴുകയും അക്രമികള്‍ തുരുതുരെ വെട്ടുകയുമായിരുന്നു. പിതാവ് രാമചന്ദ്രനെയും മാതാവ് രുഗ്മിണിയെയും സംഘം വടിവാള്‍ കാട്ടി വിരട്ടി. ഭയന്നോടിയ രാമചന്ദ്രന്‍ ഇന്നലെ പുലര്‍ച്ചെയാണു വീട്ടില്‍ തിരിച്ചെത്തിയത്. മറ്റു പ്രതികള്‍ ഒളിവിലാണെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it