യൂത്ത് കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദലിത് അതിക്രമങ്ങള്‍ക്കെതിരേയും തലശ്ശേരിയില്‍ ദലിതരെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടും യൂത്ത് കോ ണ്‍ഗ്രസ് നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. പോലിസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു.
മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് 12.30ഓടെ മ്യൂസിയം ജങ്ഷനില്‍ നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി നിയമസഭയിലേക്ക് എത്തിയത്. നിയമസഭയ്ക്കു സമീപം പോലിസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമം നടത്തി. ചിലര്‍ ബാരിക്കേഡുകള്‍ക്കു മുകളിലേക്ക് കയറി മുദ്രാവാക്യം വിളിച്ചു. ബാരിക്കേഡുകളില്‍ ചിലത് പ്രവര്‍ത്തകര്‍ മറിച്ചിട്ടതോടെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. അഞ്ച് മിനിറ്റോളം തുടര്‍ച്ചയായി ജലപീരങ്കി പ്രയോഗം തുടര്‍ന്നു. എന്നാല്‍, പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാന്‍ കൂട്ടാക്കായില്ല. ഇതോടെ പോലിസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.തുടര്‍ച്ചയായി അഞ്ചു തവണയാണ് ഗ്രനേഡ് എറിഞ്ഞത്. ഗ്രനേഡ് പ്രയോഗത്തിലും ജലപീരങ്കി പ്രയോഗത്തിലും സംസ്ഥാന നേതാക്കളായ ഗീതാ അശോകന്‍, അനൂപ്, നിഷ, പുഷ്പ ലിജോ എന്നിവര്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രനേഡ് പ്രയോഗത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ക്കു മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. അരമണിക്കൂറോളം മുദ്രാവാക്യം വിളിയും പ്രതിഷേധവും നീണ്ടു. ഇതിനിടയില്‍ ചിതറി ഓടിയ പ്രവര്‍ത്തകര്‍ തിരികെ എത്തി പോലിസുമായി വാക്കേറ്റമുണ്ടായി. പ്രവര്‍ത്തകരെ പോലിസ് വീണ്ടും വിരട്ടി ഓടിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പാളയത്തെ പ്രധാന റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കിയതോടെയാണ് അരമണിക്കൂറിലധികം നീണ്ടുനിന്ന സംഘര്‍ഷത്തിന് അയവുവന്നത്.
പാവപ്പെട്ടവന്റെ പേരില്‍ അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ദലിതരെ ഉള്‍പ്പെടെ വേട്ടയാടുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. ഇതിന് ഉത്തമ ഉദാഹരണമാണ് തലശ്ശേരിയിലെ ദലിതര്‍ക്കെതിരേ അറസ്റ്റ് ചെയ്ത സംഭവം. ഇതില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ്, ജനറല്‍ സെക്രട്ടറിമാരായ അനീഷ് വരിക്കണ്ണാമല, ജി ലീന സംസാരിച്ചു.
Next Story

RELATED STORIES

Share it