യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ സ്വന്തം ചിഹ്നങ്ങളില്‍ മല്‍സരിക്കും

സ്വന്തം  പ്രതിനിധി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണിയിലെ എല്ലാ ഘടകകക്ഷി സ്ഥാനാര്‍ഥികളും അവരവരുടെ പാര്‍ട്ടിചിഹ്നങ്ങളില്‍ മല്‍സരിക്കാന്‍ യു.ഡി.എഫ്. നിര്‍ദേശം. സ്വതന്ത്രചിഹ്നത്തില്‍ ആരെങ്കിലും ജയിച്ചാല്‍ എസ്.എന്‍.ഡി.പി. ഉള്‍പ്പെടെയുള്ളവര്‍ അവകാശവാദം ഉന്നയിക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ നിര്‍ദേശം നല്‍കിയത്. മുന്നണിയിലെ കക്ഷികള്‍ തമ്മില്‍ നേര്‍ക്കുനേര്‍ മല്‍സരം ഒഴിവാക്കാനും യോഗം തീരുമാനിച്ചു.

മുന്നണിക്കു പുറത്തുള്ള സംഘടനകളുമായി പ്രാദേശികതലത്തില്‍ പോലും നീക്കുപോക്കുണ്ടാക്കില്ല. സീറ്റ് വിഭജനം തര്‍ക്കങ്ങള്‍ ഒഴിവാക്കി വെള്ളിയാഴ്ചയ്ക്കു മുമ്പുതന്നെ തീര്‍ക്കണമെന്നു ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഘടകകക്ഷികളോട് അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കണമെന്ന് ഡി.സി.സികളോട് യോഗത്തിനിടയില്‍ തന്നെ മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ മല്‍സരിച്ചു ജയിച്ച സീറ്റുകള്‍ അടിസ്ഥാനമാക്കി സീറ്റുവിഭജന ചര്‍ച്ചകള്‍ ആരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

കഴിഞ്ഞ ദിവസം കൈക്കൊണ്ട തീരുമാനപ്രകാരം 9നു തന്നെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്ന വിവരങ്ങളാണ് ജില്ലാ കമ്മിറ്റികളില്‍ നിന്നു ലഭിച്ചിട്ടുള്ളതെന്ന് യോഗതീരുമാനം വിശദീകരിച്ചു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാവും. ഇടുക്കിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ്സിന്റെയും കേരളാ കോണ്‍ഗ്രസ്സിന്റെയും നേതാക്കളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. താഴേത്തട്ടിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

മുന്നണിയിലെ കക്ഷികള്‍ തമ്മില്‍ ഒരു സ്ഥലത്തും നേര്‍ക്കുനേര്‍ മല്‍സരം ഉണ്ടാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, വിഭാഗീയത കേരളത്തില്‍ വേരോടില്ലെന്നും ഇത് എത്രയോ തവണ കണ്ടതാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. വി എം സുധീരനെ നികൃഷ്ട ജീവിയെന്ന് സംബോധന ചെയ്ത വെള്ളാപ്പള്ളി നടേശന്റെ നടപടികളെ അപലപിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നെങ്കിലും അത് വഷളാക്കേണ്ടതില്ലെന്ന ധാരണയില്‍ യോഗമെത്തുകയായിരുന്നു.
Next Story

RELATED STORIES

Share it